ലഹരിക്കടത്ത് തടയാൻ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. ചെക്പോസ്റ്റുകളില്‍ ആധുനിക ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. 14 ചെക്പോസ്റ്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് 40 ലക്ഷംരൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് അമരവിള ഉള്‍പ്പെടെ നാലിടത്ത്, പാലക്കാട് വാളയാര്‍ ഉള്‍പ്പെടെ അഞ്ചിടത്ത്, കൊല്ലത്ത് ആര്യങ്കാവ്, ഇടുക്കിയില്‍ കുമളി, വയനാട്ടില്‍ മുത്തങ്ങ, കണ്ണൂരില്‍ കൂട്ടുപുഴ, കാസർകോട് മഞ്ചേശ്വരം എന്നീ ചെക്പോസ്റ്റുകളിലുമാണു ക്യാമറ വയ്ക്കുന്നത്.
അതില്‍ തിരുവനന്തപുരത്ത് അമരവിളയിലും കൊല്ലത്ത് ആര്യങ്കാവിലും ജോലി പൂര്‍ത്തിയായി. ഇടുക്കിയില്‍ പണി പുരോഗമിക്കുന്നു. ഒരു ചെക്പോസ്റ്റില്‍ മൂന്നുവീതം ക്യാമറകളാണു സ്ഥാപിക്കുന്നത്. രണ്ട് ബുള്ളറ്റ് ക്യാമറകളും ഒരു കറങ്ങുന്ന ക്യാമറയും. അസിസ്റ്റന്റ്, ഡെപ്യൂട്ടി, ജോയിന്റ് കമ്മിഷണര്‍മാരുടെ ഓഫിസുകളുമായി ഇവയെ ബന്ധിപ്പിക്കുമെന്നാണ് വിവരം.
ചെക്പോസ്റ്റുകളെ കൂടാതെ ഈ ഓഫിസുകളിലും പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. ഏഴുദിവസത്തിനുള്ളില്‍ എല്ലാ ചെക്പോസ്റ്റുകളിലും ക്യാമറകള്‍ സ്ഥാപിക്കുമെന്ന് എക്സൈസ് അധികൃതര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.