പകര്‍ച്ചവ്യാധി തടയാന്‍ കൂടുതല്‍ ഡോക്ടര്‍മാര്‍

Webdunia
ബുധന്‍, 24 ജൂണ്‍ 2015 (17:35 IST)
ആരോഗ്യ വകുപ്പിനു കീഴിലുള്ള ആശുപത്രികളില്‍ പുതുതായി 142 ഡോക്ടര്‍മാര്‍ ജൂലൈ ആദ്യവാരം സര്‍വീസില്‍ പ്രവേശിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. സെക്രട്ടറിയേറ്റില്‍ വിളിച്ചു ചേര്‍ത്ത, മഴക്കാല രോഗങ്ങളെ കുറിച്ചുള്ള അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യ അറിയിച്ചത്. ഇവര്‍ക്കു പുറമേ 47 ഡോക്ടര്‍മാരെ കൂടി ഉടന്‍ നിയമിക്കുന്നതിനുള്ള പി.എസ്.സി കൌണ്‍സിലിംഗ് ജൂലൈ നാലിനു നടക്കുമെന്നും അദ്ദേഹം അറിയിച്ചു. 
 
തൃശൂര്‍ ജില്ലയില്‍ സ്ഥിരീകരിച്ച, കാലാ അസര്‍ രോഗബാധയെക്കുറിച്ച്, ഒറ്റപ്പെട്ട സംഭവമായതിനാല്‍ ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി, ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ രൂപീകരിച്ച, ഇന്‍റര്‍സെക്റ്ററല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനം ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മഴക്കാല രോഗങ്ങള്‍ക്കുള്ള മരുന്നുകളും ചികിത്സാ സൌകര്യങ്ങളും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ച വ്യാധികള്‍ കൂടുതലായി കണ്ടുവരുന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അപ്പപ്പോള്‍ വിലയിരുത്തുന്നുന്‍ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.