ആടിയുലഞ്ഞ് കോണ്‍ഗ്രസ്, ഉമ്മന്‍‌ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിയില്‍ നിന്ന് മടങ്ങുന്നു; മുല്ലപ്പള്ളി ഡല്‍ഹിയില്‍ത്തന്നെ

ജോണ്‍ കെ ഏലിയാസ്
വെള്ളി, 12 മാര്‍ച്ച് 2021 (23:02 IST)
സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തര്‍ക്കങ്ങളില്‍ കുടുങ്ങിയപ്പോള്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാവാതെ കോണ്‍ഗ്രസ്. ഗ്രൂപ്പ് തിരിഞ്ഞുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഹൈക്കമാന്‍ഡിന്‍റെ ശക്‍തമായ ഇടപെടലുണ്ടായി എന്നാണ് വിവരം. ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തൃപ്‌തരല്ല എന്നുമറിയുന്നു.
 
91 സീറ്റുകളിലാണ് ഇത്തവണ കോണ്‍ഗ്രസ് മത്‌സരിക്കുന്നത്. 81 സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട് എന്നാണ് നേതാക്കള്‍ പറയുന്നത്. 10 സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഈ പത്ത് മണ്ഡലങ്ങളില്‍ നേമവും ഉള്‍പ്പെടുന്നു.
 
നേമത്തെ സ്ഥാനാര്‍ത്ഥി ആരായിരിക്കണം എന്നതിനെ ചൊല്ലിയുള്ള ചര്‍ച്ച എവിടെയുമെത്തിയിട്ടില്ല. താന്‍ പുതുപ്പള്ളിയില്‍ മാത്രമായിരിക്കുമെന്ന് ഉമ്മന്‍‌ചാണ്ടി നിലപാട് വ്യക്‍തമാക്കിയിട്ടുണ്ട്. ഹരിപ്പാടിന് പുറത്ത് മത്‌സരിക്കില്ല എന്ന് രമേശ് ചെന്നിത്തലയും വ്യക്‍തമാക്കി.
 
നേമത്ത് മത്സരിക്കുന്നവര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയിരിക്കും എന്ന് ഹൈക്കമാന്‍ഡ് വ്യക്‍തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേമത്ത് മത്‌സരിക്കാന്‍ താന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചെങ്കിലും മുരളീധരന്‍ വച്ച മറ്റ് ചില ഡിമാന്‍ഡുകള്‍ ഹൈക്കമാന്‍ഡിന് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല എന്നാണ് വിവരം.
 
ശശി തരൂരിനെ നേമത്ത് മത്സരിപ്പിക്കാമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ശശി തരൂര്‍ മത്സരിക്കാന്‍ തയ്യാറായാല്‍ മറ്റ് എം പിമാരും മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കും. അതിന് വഴങ്ങാതിരുന്നാല്‍ തന്നെ, ശശി തരൂര്‍ ജയിക്കുകയാണെങ്കില്‍ തിരുവനന്തപുരം പാര്‍ലമെന്‍റ് സീറ്റിലേക്ക് ആരെ മത്സരിപ്പിക്കും എന്നൊരു കുഴപ്പം വീണ്ടുമുയരും. ഇതെല്ലാം പരിഗണിച്ച് എം പിമാരെ ആരെയും കളത്തിലിറക്കേണ്ട എന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു.
 
ഒടുവില്‍, ഉമ്മന്‍‌ചാണ്ടിയോ രമേശ് ചെന്നിത്തലയോ നേമത്ത് മത്സരിക്കാനിറങ്ങണമെന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഉമ്മന്‍‌ചാണ്ടും ചെന്നിത്തലയും ഈ ചര്‍ച്ചകളില്‍ തൃപ്‌തരല്ല. അവര്‍ ശനിയാഴ്‌ച തന്നെ ഡല്‍ഹിയില്‍ നിന്ന് മടങ്ങും. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ തുടരും.
 
ഞായറാഴ്‌ച കോണ്‍ഗ്രസിന്‍റെ അന്തിമ പട്ടിക പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article