സീറ്റ് വിഭജന ചർച്ചയെതുടർന്ന് കുന്നമംഗലം -ബാലുശ്ശേരി സീറ്റുകളിൽ കോണ്‍ഗ്രസും മുസ്ലിം ലീഗും ഏകദേശ ധാരണയിലെത്തി. കഴിഞ്ഞ തവണ മുസ്‌ലിം ലീഗ് മത്സരിച്ച് പരാജയപ്പെട്ട കുന്നമംഗലം സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കി പകരം സംവരണ മണ്ഡലമായ ബാലുശ്ശേരി ലീഗ് ഏറ്റെടുക്കും.
ബാലുശ്ശേരി മണ്ഡലത്തിൽ യു സി രാമനെ മത്സരിപ്പിക്കുവാനാണ് ലീഗിന്റെ പൊതു അഭിപ്രായം.സിറ്റിങ് സീറ്റുകളില്‍ ഇതിനോടകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച മുസ്ലിം ലീഗ് ശേഷിക്കുന്ന നാല് സീറ്റുകളില്‍ രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കുന്നമംഗലം -ബാലുശ്ശേരി സീറ്റുകള്‍ പരസ്പരം വെച്ചുമാറുന്നതുപോലെ നേരത്തേ കുറ്റ്യാടി-നാദാപുരം സീറ്റുകളും വച്ചുമാറാന്‍ ആലോചന നടന്നെങ്കിലും അത് ഏറക്കുറേ ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.
കുറ്റ്യാടിയിൽ കഴിഞ്ഞതവണത്തേതുപോലെ ഇത്തവണയും ലീഗ് തന്നെ മത്സരിക്കും. മുസ്ലിം ലീഗ് മത്സരിച്ചുവന്ന ഇരവിപുരം ആര്‍ എസ് പിയുടെ സിറ്റിങ് സീറ്റായതിനാല്‍ പകരം ചടയമംഗലം കോണ്‍ഗ്രസ് വിട്ടുനല്‍കും. കോണ്‍ഗ്രസിന് ലഭിക്കുന്ന കുന്നമംഗലം സീറ്റില്‍ ടി സിദ്ദിഖോ കെ സി അബുവോ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. ഗുരുവായൂരിലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കും.