കേരളത്തിന് 350 കിമീ വേഗം ആവശ്യമില്ല, 200 മതി, വേണ്ടത് 15-30 മിനിറ്റ് ഇടവേളയിൽ ഇരുദിശയിലും ട്രെയിൻ സർവീസ്: ഇ ശ്രീധരൻ

അഭിറാം മനോഹർ
ചൊവ്വ, 11 ഫെബ്രുവരി 2025 (17:13 IST)
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുന്‍പ് തയ്യാറാക്കിയ ഡിപിആറില്‍ തിരുവനന്തപുരം- കണ്ണൂര്‍ ഹൈസ്പീഡ് പാതയുടെ അലൈന്മെന്റില്‍ മാറ്റം വരുത്തിയാകും പുതിയ സെമി ഹൈസ്പീഡ് പാതയ്ക്ക് അലൈന്മെന്റ് കണ്ടെത്തുകയെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. മുഖ്യമന്ത്രിക്കും കേന്ദ്ര റെയില്‍വേ മന്ത്രിക്കും നല്‍കിയ കത്തിലാണ് ഇക്കാര്യമുള്ളത്.
 
തുടര്‍ച്ചയായി നഗരങ്ങളുള്ള കേരളത്തില്‍ 350 കിലോമീറ്റര്‍ വേഗം ആവശ്യമില്ലെന്ന്ം പരമാവധി 200 കിലോമീറ്റര്‍ വേഗത മതിയെന്നുമാണ് ഇ ശ്രീധരന്റെ നിലപാട്. 135 ശരാശരിയില്‍ ട്രെയിന്‍ ഓടിയാല്‍ തിരുവനന്തപുരം- കണ്ണൂര്‍(430 കിലോമീറ്റര്‍) ദൂരം മൂന്നേകാല്‍ മണിക്കൂറില്‍ പിന്നിടാം. ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ റെയില്‍വേയ്ക്ക് 51 ശതമാനവും കേരളത്തിന് 49 ശതമാനവും ഓഹരിയുള്ള പ്രത്യേക ദൗത്യനിര്‍വഹണ ഏജന്‍സി(എസ്പിവി) രൂപീകരിക്കണം. ഇതില്‍ കേന്ദ്ര, സംസ്ഥാനവിഹിതമായി 30,000 കോടി രൂപ വീതവും 40,000 കോടി രൂപയുടെ വായ്പനിക്ഷേപവും ലക്ഷ്യമിടുന്നു. ഭാവിയില്‍ ചെന്നൈ- ബെംഗളുരു- കോയമ്പത്തൂര്‍ ഹൈസ്പീഡ് പാതകളുമായി ബന്ധിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് പാത സ്റ്റാന്‍ഡേര്‍ഡ് ഗേജിലാക്കുന്നതെന്നും പറയുന്നു.
 
 സ്റ്റോപ്പുകള്‍ കുറവാണെങ്കില്‍ മാത്രമെ വേഗതകൊണ്ട് കാര്യമുള്ളു. ജനസാന്ദ്രത കൂടിയ കേരളത്തില്‍ എല്ലാവര്‍ക്കും പ്രയോജനം ലഭിക്കണമെങ്കില്‍ 25-30 കൊലോമീറ്റര്‍ ഇടവേളയില്‍ സ്റ്റേഷനുകളും യാത്രക്കാരുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഇരുദിശയിലും 15-30 ഇടവേളയില്‍ ട്രെയിന്‍ സര്‍വീസുകളുമാണ് ആവശ്യമെന്നും ഇ ശ്രീധരന്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article