തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. നേരത്തെ പദ്ധതിക്ക് ഉടന്‍ അംഗീകാരം നല്‍കിയില്ലെങ്കില്‍ ഓഫീസുകള്‍ അടച്ചുപൂട്ടി പോകുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. ഇതോടെ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് തിരകിട്ട് അനുമതി നല്‍കിയത്.
പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മാനാഞ്ചിറ-മീഞ്ചന്ത റോഡ്, തിരുവനന്തപുരത്തെ കഴക്കൂട്ടം-കേശവദാസപുരം റോഡ് എന്നിവ വീതി കൂട്ടുമെന്നും ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് ഏതെങ്കിലും തരത്തിലുള്ള വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ സർക്കാരിന് അതിൽ വിഷമം ഉണ്ട്. ലൈറ്റ് മെട്രോ പദ്ധതിയുടെ തുടർ കാര്യങ്ങൾ ശ്രീധരനുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളെ അറിയിച്ചു.
കൊച്ചി മെട്രോ പദ്ധതിയുടെ ഉപദേശകൻ ഇ.ശ്രീധരനിൽ സർക്കാരിന് പൂർണ വിശ്വാസമുണ്ട്. ശ്രീധരന്റെ സേവനങ്ങൾ വിലപ്പെട്ടതാണ്. കൊച്ചി മെട്രോ പദ്ധതിക്ക് ഇതുവരെയുണ്ടായ നേട്ടങ്ങളെല്ലാം ശ്രീധരൻ കാരണമാണെന്നും, കണ്ണൂർ വിമാനത്താവളത്തിനായി 11.44 ഏക്കർ ഭൂമി നേരിട്ട് വാങ്ങാൻ വിമാനത്താവള അതോറിറ്റിക്ക് അനുമതി നൽകിയതായും ഉമ്മൻചാണ്ടി പറഞ്ഞു.