മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിനുള്ളില്‍ നാടകീയ രംഗങ്ങള്‍, ഉദ്യോഗസ്ഥരോട് തര്‍ക്കിച്ചു, കംപ്യൂട്ടര്‍ മോണിറ്റര്‍ കൈ തട്ടി വീണു പൊട്ടി, കൃത്യനിര്‍വഹണം തടസപ്പെടുത്തി; ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ അറസ്റ്റിനു പ്രധാന കാരണങ്ങള്‍ ഇതെല്ലാം

ചൊവ്വ, 10 ഓഗസ്റ്റ് 2021 (08:35 IST)
മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ നാടകീയ രംഗങ്ങളാണ് ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ സൃഷ്ടിച്ചത്. ഇരിട്ടി കിളിയന്തറ വിളമനയില്‍ നെച്ചിയാട്ട് എബിന്‍ വര്‍ഗീസ് (25), സഹോദരന്‍ ലിബിന്‍ വര്‍ഗീസ് (24) എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. 
 
ഇവര്‍ ഉപയോഗിച്ചിരുന്ന നെപ്പോളിയന്‍ വാഹനം നിയമലംഘനത്തിന്റെ പേരില്‍ ഗതാഗതവകുപ്പ് പിടിച്ചെടുത്തിരുന്നു. ട്രാവലര്‍ കാരവനാക്കി മാറ്റിയപ്പോള്‍ നികുതി പൂര്‍ണമായി അടച്ചില്ലെന്നായിരുന്നു പരാതി. രേഖകള്‍ ഹാജരാക്കാനെന്ന പേരില്‍ എത്തിയ ഇവര്‍ ആര്‍.ടി.ഒ. കണ്‍ട്രോള്‍ റൂമിലേക്ക് ഇരച്ചു കയറുകയായിരുന്നു. ആര്‍.ടി.ഒ. റൂമിലേക്ക് ഇരച്ചുകയറി വീഡിയോ എടുക്കാനുള്ള ശ്രമമുണ്ടായി. ഇവര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് അറസ്റ്റിലേക്ക് നീങ്ങിയത്. സര്‍ക്കാര്‍ ഓഫീസില്‍ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് പരാതി. ഇവരുടെ വാഹനത്തിന്റെ ആര്‍.സി. റദ്ദാക്കാന്‍ നടപടി ആരംഭിച്ചതായി ഗതാഗതവകുപ്പ് അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലെ കംപ്യൂട്ടറുകളില്‍ ഒന്നിന്റെ മോണിറ്റര്‍ യൂട്യൂബര്‍മാരുടെ കൈ തട്ടി വീണു പൊട്ടുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ പൊലീസിനെ കാര്യം അറിയിക്കുന്നതും തൊട്ടടുത്ത ടൗണ്‍ സ്റ്റേഷനില്‍ നിന്ന് എസ്‌ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍