നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്ന്: ആഡംബര ബോട്ട് ഉടന്‍ കസ്റ്റഡിയിലെടുക്കാനാവില്ല

Webdunia
വ്യാഴം, 31 ജൂലൈ 2014 (13:14 IST)
കൊച്ചിയില്‍ നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്ന് കണ്ടെടുത്ത കേസില്‍ ആഡംബര ബോട്ട് ഉടന്‍ കസ്റ്റഡിയിലെടുക്കാനാവില്ലെന്ന് എക്സൈസ്. ലഹരി മരുന്ന് കണ്ടെടുക്കാനായാണ് റെയ്ഡ് നടത്തിയതെന്ന് സേര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയതിനാല്‍ ബോട്ട് കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുമതി വേണമെന്നാണ് എക്സൈസിന്റെ വിശദീകരണം.  
 
ആഡംബര ബോട്ടില്‍നിന്ന് ആദ്യമായാണ് കേരള പൊലീസ് ലഹരിമരുന്നും അനധികൃതമായി സൂക്ഷിച്ച മദ്യവും പിടിച്ചെടുത്തത്. ബോട്ടില്‍നിന്ന് 251 ബോട്ടില്‍ ബിയറും 9 കുപ്പി വിദേശമദ്യവും10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. വന്‍തോതില്‍ മദ്യം പാര്‍ട്ടിക്കായി വാങ്ങണമെങ്കില്‍ ഏകദിന ലൈസന്‍സ് വേണം. ഇത് ഉണ്ടായിരുന്നില്ല. 
 
അതിനാല്‍ അബ്കാരി ആക്ടനുസരിച്ച് കേസെടുത്ത് ബോട്ട് കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് എക്സൈസിന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍  ലഹരിമരുന്ന് തേടിയായിരുന്നു റെയ്ഡ്  എന്നാണ് സേര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയത് കൊണ്ട് കോടതിയുടെ അനുമതി വാങ്ങണമെന്നും എക്സൈസ് അറിയിച്ചു. ബോട്ട് കണ്ടു കെട്ടി നിയമനടപടി സ്വീകരിക്കുന്നതിന്  പൊലീസ് ഇന്ന് അപേക്ഷ നല്‍കും.