നായ എന്നു കേട്ടാല്‍ തെരുവുനായ്ക്കള്‍ മനസ്സിലേക്ക് ഓടിയെത്തുന്നവരാണ് മലയാളികള്‍. തെരുവുനായ്ക്കളെ കൊണ്ട് പൊറുതുമുട്ടിയവരാണ് മലയാളികള്‍ എന്നതു തന്നെ കാരണം. എന്നാല്‍, കേരളത്തിലേക്ക് രണ്ട് നായകള്‍ കൂടി ഔദ്യോഗികമായി എത്തുകയാണ്. ഡിപ്സിയും പെല്‍വിനും. കേരളത്തിലെ കാടുകളിലെ സുരക്ഷയ്ക്കായാണ് ഇവര്‍ എത്തുന്നത്.
അതിര്‍ത്തിസുരക്ഷാ സേനയ്ക്ക് കീഴില്‍ കഠിനപരിശീലനം പൂര്‍ത്തിയാക്കിയാണ് ജൂലി എന്നു വിളിക്കുന്ന ഡിപ്സിയും പെല്‍വിനും എത്തിയത്. മറയൂര്‍ ചന്ദനക്കാട്ടില്‍ ഡിപ്സി സുരക്ഷയൊരുക്കുമ്പോള്‍ പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിലായിരിക്കും പെല്‍വിന് ചുമതല. സംസ്ഥാനത്തെ വനംവകുപ്പിനു കീഴിലാണ് ഒരു വയസ് പ്രായമുള്ള നായകളുടെ സേവനം.
വന്യജീവികളെ കൊല്ലുന്നതും വനവിഭവങ്ങള്‍ കടത്തുന്നതും തടയാനാണ് ഈ നായകളുടെ സേവനം ഉപയോഗിക്കുക. ട്രാഫിക് ഇന്ത്യ എന്ന സന്നദ്ധസംഘടനയാണ് നായകളുടെ പരിശീലനം ലഭ്യമാക്കുന്നത്. ഗ്വാളിയറിലെ തേക്കന്‍പുരിയിലുള്ള ബി എസ് എഫ് അക്കാദമിയുടെ നായ പരിശീലന കേന്ദ്രത്തില്‍ ഒമ്പതുമാസത്തെ പരിശീലനത്തിനു ശേഷമാണ് ഡിപ്‌സിയും പെല്‍വിനും കേരളത്തില്‍ എത്തുന്നത്.