ദൃശ്യങ്ങൾ ഒരുപ്രാവശ്യം കണ്ടതല്ലേ, പിന്നെ എന്തിനാണ് വീണ്ടും ആവശ്യപ്പെടുന്നത്: ദിലിപിനോട് ചോദ്യവുമായി ഹൈക്കോടതി - വീഡിയോയിൽ സ്ത്രീ ശബ്ദം ഉണ്ടെന്ന് താരത്തിന്റെ അഭിഭാഷകൻ
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി. കോടതിയിൽ വച്ച് പരിശോധിച്ച ദൃശ്യങ്ങൾ വീണ്ടും ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി ദൃശ്യങ്ങള്‍ നേരത്തെ കണ്ടതല്ലേയെന്നും ചോദിച്ചു.
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യം.
അങ്കമാലി കോടതിയിൽ വച്ച് നിങ്ങൾ ഈ ദൃശ്യങ്ങൾ കണ്ടതല്ലേ എന്നും പിന്നെ എന്തിനാണ് പകർപ്പ് ആവശ്യപ്പെടുന്നതെന്നും ഹൈക്കോടതി ചോദിച്ചു. അതേസമയം, ക്രിമിനൽ നടപടി ചട്ടങ്ങൾപ്രകാരം കേസിലെ തെളിവുകൾ ലഭിക്കുവാൻ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ള വാദിച്ചു.
“ ദൃശ്യങ്ങളിൽ എഡിറ്റിംഗ് നടന്നതായി സംശയമുണ്ട്. വീഡിയോയിൽ ഒരു സ്ത്രീ ശബ്ദം ഉണ്ട്. എന്നാൽ, അത് ആരുടേതാണെന്ന് പരിശോധിച്ചിട്ടില്ല. ഇതറിയുന്നതിന് വേണ്ടിയാണ് ദൃശ്യങ്ങൾ ആവശ്യപ്പെടുന്നത്. പൊലീസ് വിവരങ്ങൾ മറച്ചുവയ്ക്കുകയാണ്. ദൃശ്യങ്ങളിലുള്ള സ്ത്രീയുടെ ശബ്ദത്തിൽ കൃത്രിമമായി ഏറ്റക്കുറച്ചിൽ വരുത്തിയിട്ടുണ്ടെന്ന് സംശയമുണ്ട് ” - എന്നും ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു.
ദിലീപിന്റെ കൈകളില്‍ ദൃശ്യങ്ങൾ എത്തുന്നത് ഇരയ്ക്ക് അപകീർത്തിയുണ്ടാകാൻ കാരണമാകുമെന്ന് പ്രോസിക്യൂഷൻ ഇന്നും വാദിച്ചു.