കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ ഉഷപൂജയ്ക്ക് മുമ്പ് ക്ഷേത്രത്തില്‍ എത്തിയ ദിലീപ്, ഉഷപുജയ്ക്ക് ശേഷം സോപാനത്ത് കദളിക്കുലയും നെയ്യും വച്ച് തൊഴുതു. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരിക്ക് ദക്ഷിണ നല്‍കി പ്രസാദം വാങ്ങിച്ചു.
ദർശനത്തിന് ശേഷം ദിലീപ് കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ട് തുലാഭാരം നടത്തി.
26555 രൂപ ദേവസ്വത്തില്‍ അടയ്ക്കുകയും ചെയ്തു. ഉപദേവതമാരെയും തൊഴുത് പുറത്തെ ഗണപതി കോവിലില്‍ തേങ്ങയും ഉടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. പ്രേമന്‍ എന്ന നിര്‍മ്മാതാവിനൊപ്പമാണ് താരം ക്ഷേത്രത്തില്‍ എത്തിയത്.
85 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയതിന്റെ രണ്ടാം ദിവസം തന്നെ ആലുവയിലെ എട്ടേക്കർ പള്ളിയിലെത്തി ദിലീപ് കുർബാനയിലും നൊവേനയിലും പങ്കെടുത്തിരുന്നു. ഒക്ടോബർ മൂന്നിനാണ് ദിലീപിന് കോടതി ജാമ്യം അനുവദിക്കുന്നത്.