ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്, ഞങ്ങള്‍ ഇപ്പോഴും ദിലീപേട്ടനോടൊപ്പം: ഫാന്‍സ് അസോസിയേഷന്‍

Webdunia
വ്യാഴം, 13 ജൂലൈ 2017 (14:25 IST)
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിനെതിരെ നിരവധി പേര്‍ ആരോപണങ്ങളുമായി രംഗത്തെത്തി. അതില്‍ അവസാനത്തേതായിരുന്നു അദ്ദേഹത്തിന്റെ ആരാധക സംഘടന ദിലീപിനെ തള്ളിപ്പറഞ്ഞു എന്ന്. ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് ഫാന്‍സ് അസോസിയേഷന്റെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
 
ദിലീപ് ഫാന്‍സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പ് :
 
ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ദിലീപ് ഫാന്‍സ് ആന്റ് വെല്‍വെയര്‍ അസ്സോസിയേഷന്‍. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് അനുശാസിക്കുന്ന ഇന്ത്യന്‍ ഭരണ ഘടനയെ ലംഘിക്കുന്ന വിധം, കുറ്റം ആരോപിക്കപ്പെടുക മാത്രം ചെയ്ത ഒരാളോട് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് പോലെ പെരുമാറുന്നത് കേരളം പോലൊരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല. ശ്രീ ദിലീപിനെതിരെ അക്രമോത്സുകരായ, സമനില തെറ്റിയ ആള്‍ക്കൂട്ടത്തിനോട് ഞങ്ങളേയും ചേര്‍ത്ത് വെച്ച് അദ്ദേഹത്തെ ഞങ്ങളും തളളിപ്പറഞ്ഞു എന്ന് ചിലര്‍ വാര്‍ത്ത പടച്ചുവിടുമ്പോള്‍ ഇപ്പോള്‍ സംഭവിച്ചതെല്ലാം ദിലീപേട്ടനെതിരെയുളള ഗുഡാലോചന തന്നെയാണെന്ന് ഞങ്ങള്‍ വീണ്ടും ഉറച്ച് വിശ്വസിക്കുന്നു.
 
സാറ്റ്‌ലൈറ്റും മള്‍ട്ടിപ്ലക്‌സും വരുന്നതിന് മുമ്പ് മലയാളികള്‍ സിനിമയെ ഉപേക്ഷിച്ച ഒരു ഇടക്കാലമുണ്ടായിരുന്നു. ഷക്കീല തരംഗത്തില്‍ കുടുംബ പ്രേക്ഷകര്‍ സിനിമയില്‍ നിന്ന് അകന്ന് തിയേറ്ററുകള്‍ കൂട്ടമായി പൂട്ടുകയും കല്ല്യാണ മണ്ഡപകങ്ങളാക്കുകയും ചെയ്ത മലയാള സിനിമയുടെ ശനിദശ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമല്ലൊ. അന്ന് അപ്പുപ്പന്‍മാര്‍ മുതല്‍ കുഞ്ഞുകുട്ടികള്‍ അടങ്ങുന്ന പ്രേക്ഷക സമൂഹത്തെ തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകള്‍ നല്‍കി തിയേറ്ററുകളിലേക്ക് തിരിച്ച് കൊണ്ട് വന്നത് ദീലീപ് എന്ന സാധാരണക്കാരനായ താരമാണ്. 
 
ശാസ്ത്രീയമായി ഒരു സിനിമയെ എങ്ങിനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് മലയാള സിനിമയെ പഠിപ്പിച്ചത് ദിലീപാണ്. അദ്ദേഹം കയ്യാളി വിജയിപ്പിച്ച വേഷങ്ങള്‍ മൊഴിമാറ്റം ചെയ്യാന്‍ അന്യഭാഷാ താരങ്ങള്‍ തിടുക്കം കൂട്ടി. ചാന്ത്‌പൊട്ട് പോലൊരു സിനിമ തന്നെ കൊണ്ട് ചെയ്യാനാവില്ലെന്ന് പറഞ്ഞ് നടന വിസ്മയം വിക്രം ആ റിമേക്ക് പ്രൊജക്റ്റില്‍ നിന്നു തന്നെ പിന്‍മാറി. അന്നും മിമിക്രിയെന്ന് പറഞ്ഞ് ഇവിടെ ചില മലയാളി മാമന്‍മാര്‍ ദിലീപിനെ പരിഹസിച്ചിരുന്നു.
 
നമ്മെ ഒരുപാട് സന്തോഷിപ്പിച്ച ഒട്ടേറെ നടീ നടന്‍മാര്‍ ജീവിത സായാഹ്നത്തില്‍ പട്ടിണിയില്ലാതെ കഴിയുന്നത് അമ്മ സംഘടന നല്‍കുന്ന പെന്‍ഷന്‍ തുകയായ കൈനീട്ടം കാരണമാണെന്നത് സിനിമ പ്രേമികള്‍ക്കറിയാമല്ലൊ. മാസാമാസം ആ സംഖ്യ എത്തിച്ചു കൊടുക്കാനും സംഘടനക്ക് സാമ്പത്തിക അടിത്തറ ഒരുക്കാനും കാരണമായത് ദിലീപും ട്വന്റി 20 സിനിമയുമാണ് എന്നത് എല്ലാവരും ഇപ്പോള്‍ മറന്ന ചരിത്ര സത്യമാണ്. കച്ചവട സിനിമയുടെ പാഠപുസ്തകമെന്ന് മഹാനായ എം.ടി പ്രശംസിച്ച പ്രസ്തുത സിനിമയുടെ മാതൃക പിന്‍പറ്റി സിനിമ ഒരുക്കാന്‍ ഇന്ത്യന്‍ സിനിമയിലെ മറ്റ് ഇന്‍ഡസ്റ്ററിയിലെ ചലച്ചിത്ര സംഘടനകള്‍ ശ്രമിച്ചുവെങ്കിലും നാളിന്നേക്കുവരെ ഒരു ഭാഷയിലും സാദ്ധ്യമായില്ല.
 
അത് ദിലീപിന് മാത്രം സാദ്ധ്യമായ അത്ഭുതമായി സിനിമ ലോകം കണക്കാക്കിപ്പോന്നു. പട്ടിണി നിറഞ്ഞ ബാല്യകാലത്തിനോടുളള കടപ്പാട് പോലെ കണ്ണീര് വീഴുന്നിടത്തെല്ലാം ദിലീപേട്ടന്‍ ഓടിയെത്തി. ജാതിമത രാഷ്ട്രീയ ഭേദമന്യേ പാവങ്ങള്‍ക്ക് ആയിരം വീടുകള്‍ പണിത് നല്‍കുവാനുളള തിരക്കിലായിരുന്നു അദ്ദേഹം. തന്റെ അച്ഛന്റെ പേരിലുളള പദ്ധതിയുടെ ഭാഗമായി ഒട്ടേറെ വീടുകള്‍ പണി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിക്കഴിഞ്ഞു. ഇതുമായി സഹകരിക്കുന്ന ജി.പി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരെ നന്ദിയോടെ സ്മരിക്കുന്നു. 
 
സിനിമയില്‍ നിന്നുണ്ടാക്കിയ സമ്പാദ്യം സിനിമയില്‍ തന്നെ നിക്ഷേപിക്കുന്ന ദിലീപേട്ടന്റെ ഓരോ ശ്വാസ താളവും സിനിമ മാത്രയായിരുന്നു. അദ്ദേഹത്തെ കുരുക്കാനുള്ള ഗൂഢനീക്കമാണ് ഇപ്പോള്‍ പാതി വഴി പിന്നിട്ട് നില്‍ക്കുന്നത്. ലോക ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ നിര്‍ണ്ണായക ശക്തിയായിരുന്ന ശ്രീശാന്തിനെതിരെ ഒത്തുകളി ആരോപണം വന്നപ്പോള്‍ കൂകിവിളിച്ച് വീട്ടിലിരുത്തിയവരാണ് മലയാളികള്‍. 
 
തലമുറകള്‍ക്ക് ഊര്‍ജ്ജം പകരുമായിരുന്ന, നിരപരാധിയായ ഒരാളുടെ കരിയര്‍ നശിപ്പിച്ചതല്ലാതെ ആ കേസ് എന്ത് സംഭാവനയാണ് കായിക ലോകത്തിന് സമ്മാനിച്ചത്. ജനപ്രിയ താരം ദിലീപേട്ടന്‍ അഗ്‌നിശുദ്ധിയില്‍ വിജയിച്ച് കോടതിയില്‍ നിന്ന് നിരപരാധിയായി തിരിച്ച് വരിക തന്നെ ചെയ്യും.
 
അതുവരെ അദ്ദേഹത്തെ കുറ്റവാളിയെന്ന് വിളിക്കാന്‍ സമൂഹത്തിനോ മാധ്യമങ്ങള്‍ക്കോ അവകാശമില്ല. അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്കെതിരെ കല്ലെറിയുന്നവര്‍ അറിയുക കുടുംബം പുലര്‍ത്താന്‍ അവിടെ ജോലി ചെയ്യുന്നത് പാവം തൊഴിലാളികളാണെന്ന്. ഒരാള്‍ വീണുപോകുമ്പോള്‍ ആഞ്ഞു ചവിട്ടുന്നവരല്ല ചേര്‍ത്ത് പിടിക്കുന്നവരാണ് കൂട്ടുകാര്‍. ആര് തന്നെ തളളിപ്പറഞ്ഞാലും ദിലീപേട്ടനൊപ്പം എന്നും ഞങ്ങളുണ്ടാവും. ദിലീപ് ഫാന്‍സ് ആന്റ് വെല്‍ഫയര്‍ സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.
 
ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് റിയാസ് ഖാന്‍ ആണ്, ചെയര്‍മാന്‍ റിയാസ് തിരുവനന്തപുരം സ്വദേശിയും ജനറല്‍ സെക്രട്ടറി രൂപേഷ് കോഴിക്കോട് സ്വദേശിയുമാണ്.
Next Article