കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ നീതിക്കായി വാദിച്ച പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെ സമ്മര്‍ദ്ദത്തിലാകുന്ന റിപ്പോര്‍ട്ട് പുറത്ത്. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും ദിലീപും തമ്മില്‍ കോടികളുടെ ഇടപാടുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടാണ് എംഎല്‍എയെ വെട്ടിലാക്കുന്നത്.
മംഗളം ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
സംസ്ഥാനത്തും പുറത്തും കോടികളുടെ ഇടപാട് നടത്തിയ വ്യക്തിയാണ് ദിലീപ്. താരവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരും പല പ്രമുഖരും ജനപ്രിയതാരത്തെ വിശ്വസിച്ചു റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ പണമിറക്കുകയും ചെയ്‌തിരുന്നു. ഈ പ്രമുഖരില്‍ ഒരാളാണ് ഷോണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. വമ്പന്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയ നിയന്ത്രിക്കുന്ന വ്യക്തിയാണ് ഷോണ്‍ എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ദിലീപും ഷോണും നടത്തിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുടെ രേഖകള്‍ പൊലീസിന് ലഭിച്ചു. പലയിടങ്ങളിലായി വന്‍ ഇടപാടുകള്‍ നടന്നുവെന്നാണ് കണ്ടെത്തി. ഉടന്‍ ഷോണിന് നോട്ടീസ് അയയ്ക്കുമെന്നുമാണ് വിവരം. മതിയായ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം വേണ്ടിവന്നാല്‍ ഇരുവരെയും ചോദ്യം ചെയ്യാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം, പുറത്തുവന്ന വാര്‍ത്തയ്‌ക്കെതിരെ ഷോണ്‍ രംഗത്തെത്തി. ദിലീപുമായി ഒരു രൂപയു സാമ്പത്തിക ഇടപാട് പോലും ഇല്ലെന്നും, അങ്ങനെ എന്തെങ്കിലും കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താനും ജയിലില്‍ പോകാനും തയ്യാറാണ്. ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന പി സി ജോര്‍ജിന്റെ വായടപ്പിക്കാനുള്ള ശ്രമമാണ് പൊലീസ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും ഷോണ്‍ പറഞ്ഞു. ആരോപണം ഉയര്‍ത്തി തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും അതിന് വേറെ ആളെ നോക്കണമെന്നുമാണ് പിസി ജോര്‍ജ് പ്രതികരിച്ചിരിച്ചു.
നടിയെ ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിലായതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് ജോര്‍ജ് രംഗത്തെത്തിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്നും ചില രാഷ്‌ട്രീയ പ്രമുഖരുമാണ് ഈ കേസിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദിലീപിനെതിരേ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ എംഎല്‍എയെ ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്‌പി എവി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ദിലീപിന് പരസ്യമായി ജോര്‍ജ് പിന്തുണ നല്‍കുന്നത് എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. കേസില്‍ താരത്തെ കുടുക്കിയതാണെന്നും ഗൂഢാലോചന നടന്നുവെന്നുമുള്ള അദ്ദേഹത്തിന് ആരോപണം ഏതു സാഹചര്യത്തിലുള്ളതാണെന്ന് പൊലീസ് പരിശോധിച്ചിരുന്നു. കൂടാതെ ദിലീപുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടായിരുന്നോ എന്നും രഹസ്യമായി അന്വേഷണ സംഘം പരിശോധിച്ചിരുന്നുവെന്നും അതില്‍ നിന്നാണ് ഷോണുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സൂചന ലഭിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.