ധന്‍ ജന്‍ യോജന ഹിറ്റായി, പ്രഖ്യാപിച്ചതിലും നേരത്തെ ലക്ഷ്യം മറികടക്കും

Webdunia
വ്യാഴം, 6 നവം‌ബര്‍ 2014 (13:35 IST)
രാജ്യത്തെ മുഴുവന്‍ ജനങ്ങളിക്കും ബാങ്കിംഗ് സൌകര്യങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ധന്‍ ജന്‍ യോജന ഉദ്ദേശിച്ചതിലും വേഗത്തില്‍ മുന്നേറുന്നതായി കേന്ദ്ര ധനമന്ത്രാലയം. പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ജന്‍ധന്‍ യോജനയില്‍ പങ്കാളികളായി ബാങ്ക് അക്കൗണ്ട് എടുത്തത് ഏഴുകോടിയോളം പേരാണെന്നാണ് കണക്കുകള്‍.

2015 ജനുവരി 26ന് മുമ്പ് ഏഴരക്കോടി അക്കൗണ്ടുകള്‍ തുടങ്ങുകയെന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ അക്കൌണ്ടുകള്‍ തുറക്കുന്നതിനാല്‍ അടുത്ത റിപ്പബ്ലിക് ദിനം ആകുമ്പോഴേക്കും 15 കോടി അക്കൗണ്ടുകളെങ്കിലും തുടങ്ങാനാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ നിഗമനം. ഓഗസ്റ്റ് 29-നാണ് പദ്ധതിക്ക് തുടക്കമിട്ടത്.

കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ നവംബര്‍ മൂന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 6.98 കോടി അക്കൗണ്ടുകളാണ് ജന്‍ധന്‍ യോജനയനുസരിച്ച് തുറന്നത്. ഇത്രയും അക്കൌണ്ടുകളില്‍ നിന്നായി  5300 കോടി രൂപ വിവിധ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു എന്നും ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

ജന്‍ധന്‍ യോജന അനുസരിച്ച് പൊതുമേഖലാ ബാങ്കുകളില്‍ തുടങ്ങിയിട്ടുള്ള അക്കൗണ്ടുകളില്‍ ശരാശരി 750 രൂപയെങ്കിലും ബാലന്‍സ് ശേഷിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. പദ്ധതിക്ക് കീഴില്‍ത്തുടങ്ങുന്ന അക്കൗണ്ടുകള്‍ക്ക് 5000 രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് ലഭിക്കും. എല്ലാ അക്കൗണ്ടുടമകള്‍ക്കും ഒരുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും ലഭിക്കും.

കൂടാതെ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് ബദലായി ഇന്ത്യ അവതരിപ്പിച്ച റുപേ കാര്‍ഡാണ് ഇത്തരത്തില്‍ അക്കൌണ്ടെടുത്തവര്‍ക്ക് നല്‍കുന്നത്. നാലുകോടിയോളം പേര്‍ക്ക് ഇതനുസരിച്ച് രൂപേ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ശേഷിച്ചവര്‍ക്ക് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എടിഎം കാര്‍ഡുകള്‍ നല്‍കും. ഓരോ വ്യ്ക്തിയില്‍ നിന്നും നിക്ഷേപിക്കപ്പെടുന്ന പണം വലിയൊരു സംഖ്യകളായി ബാങ്കുകളില്‍ എത്തിച്ചേരുന്നതിനാല്‍ സാമ്പത്തികമായി രാജ്യത്തിന് വലിയ ഗുണമുണ്ടാകുകയും വലിയൊരു വിഭാഗത്തിനേ ബാങ്കിംഗ് മേഖലയോട് അടുപ്പിക്കാനും സാധിക്കുമെന്ന് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.