ഡിജിപിക്ക് മനുഷ്യാവകാശ കമ്മിഷന്റെ താക്കീത്

Webdunia
ഞായര്‍, 20 ജൂലൈ 2014 (12:20 IST)
പൊലീസ് മനുഷ്യാവകാശ കമ്മിഷന്റെ അപ്പീല്‍ അതോറിറ്റി ആവരുതെന്ന് ഡിജിപിക്ക് താക്കിത്. കസ്റ്റഡി മര്‍ദ്ദത്തിന് ഇരയായ വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ്  മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യത്തിനെ വിമര്‍ശിച്ചത്.

ആലപ്പുഴ അരൂര്‍ സ്വദേശിയായ സന്തോഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ രൂക്ഷമായി ഡിജിപിയെ ശാസിച്ചത്. പൊലീസ് കമ്മിഷന്റെ അപ്പീല്‍ അതോറിറ്റി ആവരുതെന്നും കമ്മിഷന്റെ ഉത്തരവുകളില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും മനുഷ്യാവകാശ കമ്മിഷന്‍ അംഗം നടരാജന്‍ വ്യക്തമാക്കി.

കസ്റ്റഡി മര്‍ദ്ദനത്തില്‍ ആലപ്പുഴ ഡിവൈ.എസ്.പിയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും കുറ്റക്കാരല്ലെന്നും ഡിജിപി റിപ്പോര്‍ട്ട് നല്‍കിയതാണ് കമ്മീഷനെ പ്രകോപിപ്പിച്ചത്. കേസില്‍പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ ഡിജിപിക്ക് മടിയാണെന്നും നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് അനുസരിക്കുന്നതിനു പകരം നിരുത്തരവാദപരമായ റിപ്പോര്‍ട്ടുകളാണ് ഡിജിപി നല്‍കിയതെന്നും കമ്മിഷന്‍ പറഞ്ഞു.