ഒറ്റയടിപാതയിൽ നിറയെ മുള്ളുള്ള കാട്ടു ചെടികൾ, ചെരിപ്പില്ലാതെ ഇറങ്ങിയിട്ടും കാലിൽ മുള്ള് കൊണ്ട പാടുപോലുമില്ല; ദേവനന്ദയുടെ മരണത്തിന്റെ അന്വേഷണം എവിടെ വരെ?
ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഫൊറൻസിക് വിദഗ്ധരുടെ നിർദേശത്തെത്തുടർന്ന് അഗ്നിരക്ഷാ സേന പള്ളിമൺ ആറിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ചെളിയും മണ്ണും വെള്ളവും ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ വയറ്റിൽ ചെളിവെള്ളത്തിന്റെ അംശം കണ്ടെത്തിയിരുന്നു.
ഇത് ആറിന്റെ ഏത് ഭാഗത്തെ ചെളിയാണെന്ന് കണ്ടെത്തുന്നതിനായിട്ടാണ് ആറിലെ വിവിധഭാഗങ്ങളിലെ ചെളി പരിശോധനയ്ക്കായി ശേഖരിച്ചത്. 20 അടി താഴ്ചയുള്ള ഭാഗങ്ങളും ചുഴികളും ആറിൽ ഉള്ളതായി സ്കൂബാ ടീം കണ്ടെത്തി. ചുഴികളിൽ പെട്ടാണ് കുട്ടി മരിച്ചതെങ്കിൽ ആറിന്റെ വശങ്ങളിലെ ചോല മരങ്ങളുടെ വേരുകളിൽ മൃതദേഹമോ ഷാളോ തടയാനും ഇടയുണ്ട്.
ചില ഭാഗങ്ങളിൽ വലിയ കരിങ്കല്ലുകളുണ്ട്. ഇവിടെ ആണ് വീഴുന്നതെങ്കിൽ കുട്ടിയുടെ ദേഹത്ത് മുറിവ് ഉണ്ടാകേണ്ടതാണ്. അതും ഇല്ലാത്ത സ്ഥിതിക്ക് കുട്ടി താൽക്കാലിക തടയണ ഉള്ള ഭാഗത്ത് തന്നെയാകും വീണതെന്ന നിഗമനത്തിലാണ് അന്വെഷണ സംഘം.
എങ്കിൽ കൂടി, കുട്ടി തനിച്ച് ഇത്രയും ദൂരം എങ്ങനെ സഞ്ചരിച്ചു എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് യാതോരു സൂചനയും ലഭിക്കുന്നില്ല. വിജനമായ വഴിയിലൂടെ കാടും പള്ളയുമൊക്കെ നിറഞ്ഞ സ്ഥലത്ത് കൂടി കുട്ടി ഒറ്റയ്ക്ക് പോകില്ലെന്ന വീട്ടുകാരുടേയും നാട്ടുകാരുടേയും മൊഴികൾ അനുകൂലിക്കുകയാണ് പൊലീസും.
ഒറ്റയടിപ്പാതയിലെ ഇരു വശത്തും തറപറ്റിക്കിടക്കുന്ന മുള്ളുള്ള കാട്ടു ചെടികളുമുണ്ട്. ചെരിപ്പില്ലാതെ വന്നാൽ എങ്ങനെ ആയിരുന്നാലും കുട്ടിയുടെ കാലിൽ മുള്ള് കൊള്ളാൻ സാധ്യത ഏറെയാണ്. കുട്ടിയുടെ ചെരുപ്പ് വീടിനുള്ളിൽ ആയിരുന്നു. എന്നാൽ, അത്തരത്തിൽ യാതോരു പാടും കുട്ടിയുടെ ശരീരത്ത് നിന്നും കണ്ടെത്താനായിട്ടില്ല. ഈ സംശയങ്ങൾ ദൂരീകരിക്കാനുള്ള പൊലീസിന്റെ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്.