പൊതു അവധി: തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഓഫിസുകള്‍ പ്രവര്‍ത്തിക്കും

ശ്രീനു എസ്
വെള്ളി, 4 ഡിസം‌ബര്‍ 2020 (09:22 IST)
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും തടസമില്ലാതെ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
 
തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഓഫിസുകളും പ്രവര്‍ത്തിക്കണം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് നാളെ നടക്കും. പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം നിശ്ചയിച്ച സമയത്തുതന്നെ നടക്കും. സ്ഥലത്തിനോ സമയത്തിനോ മാറ്റമുണ്ടാകില്ല. പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റിങ് ഓര്‍ഡര്‍ നല്‍കുന്ന ജോലികളും തടസമില്ലാതെ നടക്കും.
 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കും. പോസ്റ്റല്‍ ബാലറ്റ് നല്‍കുന്ന ജോലികളും തടസമില്ലാതെ നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്കു നിയോഗിച്ചിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും പതിവു പോലെ ഓഫിസില്‍ ഹാജരാകണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article