2015ൽ ഒരു മൊബൈൽ കടയിൽ മോഷണം നടത്തിയ കേസിലാണ് ഫിറോസിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റ് വാറണ്ട് പ്രതിക്കെതിരെ ഉണ്ടായിരുന്നുവെങ്കിലും ഇയാൾ മുങ്ങി നടക്കുകയായിരുന്നു.ചോദ്യംചെയ്യല്ലിനിടെ കൂട്ടാളിയായ ആഷിക്കിനെ കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോളാണ് മദ്യപാനത്തിനിടെ തർക്കമുണ്ടായതും ആഷിക്കിനെ കൊലപ്പെടുത്തിയതും പുറത്തായത്.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തഹസിൽദാറും ഫോറൻസിക്, ഫിംഗർ പ്രിൻ്റ് വിദഗ്ദ്ധരും സംഭവസ്ഥലത്തേക്ക് എത്തി. ഡിസംബർ 17ന് പാലപ്പുറം മിലിട്ടറി പറമ്പിൽ വച്ചാണ് ആഷിക്കും ഫിറോസും ചേർന്ന് മദ്യപിച്ചത്. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ആഷിക്ക് ഫിറോസിനെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയുമായിരുന്നു.
ബാല്യകാലം മുതൽ തന്നെ സുഹൃത്തുക്കളായിരുന്നു ഫിറോസും ആഷിക്കും പിന്നീട് ഇരുവരും ലഹരിക്ക് അടിമകളാവുകയും ലഹരിക്കടത്തിലും മോഷണക്കേസിലും പ്രതികളാവുകയും ചെയ്തിരുന്നു. കാണാതായതിന് ശേഷവും ആഷിക്കിനെ അന്വേഷിച്ച് ഫിറോസ് അയാളുടെ വീട്ടിലെത്തിയിരുന്നു. അതേസമയം കൊലപാതകം സംബന്ധിച്ച് ഫിറോസിൻ്റെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.