ലോകോത്തര നടനെന്ന് വിളിക്കുന്നതിനിടെയിലും വമ്പന്‍ പരിഹാസം; മോഹന്‍‌ലാലിനെ കടന്നാക്രമിച്ച് സ്വരാജ് - പോസ്‌റ്റ് വൈറലാകുന്നു

Webdunia
വ്യാഴം, 24 നവം‌ബര്‍ 2016 (13:25 IST)
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ പിന്തുണച്ച് ബ്ലോഗെഴുതിയ നടൻ മോഹൻലാലിനെ വിമർശിച്ച് എം സ്വരാജ് എംഎൽഎ. മോഹൻലാൽ അറിയുമോ വാലന്റൈൻ പാവ് ലോവിനെ?' എന്ന തലക്കെട്ടിൽ ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിലാണ് സ്വരാജ് സൂപ്പർതാരത്തെ വിമർശിച്ചത്.

എം സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

മോഹൻലാൽ അറിയുമോ
വാലന്റൈൻ പാവ് ലോവിനെ....?

എം.സ്വരാജ്.

മലയാളത്തിന്റെ സൗഭാഗ്യമായ മഹാനടൻ ശ്രീ മോഹൻലാൽ ഒരിക്കൽ കൂടി നമ്മെ വിസ്മയിപ്പിച്ചിരിക്കുന്നു. ഇത്തവണ പക്ഷെ നടന മികവല്ല വിസ്മയ കാരണമെന്നു മാത്രം. അനവസരത്തിൽ അബദ്ധം പറഞ്ഞു കൊണ്ടാണ് അദ്ദേഹം എല്ലാവരെയും വിസ്മയിപ്പിച്ചിരിക്കുന്നത്.

അസാധാരണമായ അഭിനയ പാടവത്താൽ ചലച്ചിത്രാസ്വാദക ലക്ഷങ്ങളുടെ ഹൃദയത്തിലിടം പിടിച്ച മഹാനടനാണ് ശ്രീ.മോഹൻലാൽ. അദ്ദേഹം അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങളാണ് ഇന്നും നമ്മെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്. കാലമെത്ര കഴിഞ്ഞാലും നിറം മങ്ങാത്ത എത്രയെത്ര ചിത്രങ്ങളാണ് മോഹൻലാലിലൂടെ നമുക്ക് ലഭിച്ചത്. മലയാളത്തിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളാണ് ലാലെന്ന് എനിക്കുറപ്പാണ്.

മോഹൻലാൽ എന്ന വ്യക്തിക്ക് എന്ത് നിലപാടും സ്വീകരിക്കാം. ഏത് പാർടിയിൽ വേണമെങ്കിലും അംഗത്വമെടുക്കാം. എന്നാൽ എല്ലാവരാലും ആദരിക്കപ്പെടുന്ന ലാലിനെ പോലെ ഒരാൾ ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ നല്ല സൂക്ഷ്മതയും ജാഗ്രതയും പാലിക്കേണ്ടതുണ്ട്. ബ്ലോഗെഴുതാനിരിക്കുമ്പോൾ വിഷയത്തെക്കുറിച്ച് പ്രാഥമികമായെങ്കിലും മനസിലാക്കാനും പഠിക്കാനും അദ്ദേഹം തയ്യാറാവേണ്ടതായിരുന്നു. വിഢിത്തം പറയാനും കോമാളിയാവാനും കാമറയ്ക്കു മുന്നിൽ മാത്രമേ മോഹൻലാലിന് അവകാശമുള്ളൂ . സിനിമയ്ക്ക് പുറത്ത് ഇത്തരം കോമാളി വേഷങ്ങൾ ആരും ഇഷ്ടപ്പെട്ടുവെന്ന് വരില്ല.

രാജസ്ഥാനിലെ ഏതോ മരുഭൂമിയിൽ നിന്ന് നോട്ടു നിരോധന വാർത്ത കേട്ടയുടൻ ചാടിയെഴുന്നേറ്റ് പ്രധാനമന്ത്രിക്ക് സല്യൂട്ടടിക്കുന്ന മഹാനടൻ മരുഭൂമിയിൽ നിന്ന് ദയവായി പുറത്തു കടക്കണം. ഇന്ത്യയിലെ ജനപഥങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കണം. സമകാലിക ഇന്ത്യയുടെ നേർ ചിത്രം അപ്പോൾ കാണാൻ കഴിയും. സ്വന്തം ബാങ്ക് അക്കൗണ്ടിൽ പണമുണ്ടായിട്ടും മകളുടെ ചികിത്സക്കായി അത് പിൻവലിക്കാൻ കഴിയാതെ മനംനൊന്ത് ജീവനൊടുക്കിയ മൻമഥൻ പിള്ളയുടെ ചേതനയറ്റ ശരീരവും, മൻമഥൻ പിള്ളയെ പോലെ ഇന്ത്യയിൽ ജനിച്ചു എന്ന കാരണത്താൽ മരിക്കേണ്ടി വന്ന എഴുപതിലധികം (ഇന്നുവരെയുള്ള കണക്ക് പ്രകാരം) പാവപ്പെട്ട മനുഷ്യരുടെ കുഴിമാടങ്ങളും കാണുമ്പോൾ ആർക്കെങ്കിലും പ്രധാനമന്ത്രിയെ സല്യൂട്ട് ചെയ്യണമെന്ന് തോന്നുമോ ?. പൗരൻമാരുടെ ശവകുടീരങ്ങൾക്ക് മേൽ പണിതുയർത്തുന്ന ഏത് രാഷ്ട്രത്തെ കുറിച്ചാണ് നിങ്ങൾ അഭിമാനം കൊള്ളുന്നത്?

ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്നതിനെയോ കള്ളപ്പണം തടയാനുള്ള നടപടികളെയോ അല്ല ആരും എതിർക്കുന്നത്. യാതൊരു മുന്നൊരുക്കവുമില്ലാതെ നടത്തിയ പരിഷ്കാരത്തിലൂടെ ഇന്ത്യയിലെ സാധാരണക്കാരെ സാമ്പത്തിക ബന്ദികളാക്കിയ ഭ്രാന്തൻ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സ്വിസ് ബാങ്കിലും മൗറീഷ്യസിലുമൊക്കെ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു പിടിക്കുമെന്ന് വീമ്പിളക്കിയവർ ചെറുവിരലനക്കാതെ ജനതയുടെ കണ്ണിൽ പൊടിയിടാൻ ചെപ്പടിവിദ്യകാണിക്കുന്നതിനെയാണ് എതിർക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ബി എസ് എൻ എൽ നെ തകർക്കാൻ ശ്രമിക്കുന്ന കുത്തകയുടെ സ്വകാര്യ നെറ്റ് വർക്കിന്റെ പരസ്യത്തിൽ ബ്രാൻഡ് അംബാസിഡറായി പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രിയുടെ രാജ്യദ്രോഹ നടപടിയെയാണ് വിമർശിക്കുന്നത്. ഇതിനൊന്നും സല്യൂട്ടടിക്കാൻ ചിന്താശേഷിയുള്ള മനുഷ്യർക്കാവില്ല.

ഇപ്പോഴത്തെ നടപടിയെക്കുറിച്ച് പ്രശംസിച്ചു കൊണ്ട് ബ്ലോഗെഴുതിയ മോഹൻലാൽ പറയുന്നത് ഇതോടെ ഇന്ത്യയിലെ കള്ളപ്പണമെല്ലാം അവസാനിക്കുമെന്നാണ്. അങ്ങനെ വിശ്വസിക്കാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. പക്ഷെ വലിയ നോട്ടുകൾ പിൻവലിക്കുന്നതോടെ തീരുന്ന ശല്യമാണ് കള്ളപ്പണമെങ്കിൽ ഇന്ന് ഇന്ത്യയിൽ കള്ളപ്പണം ഉണ്ടാവാനേ പാടില്ലായിരുന്നുവെന്ന് ഓർക്കണം. കാരണം മോദി ജനിക്കുന്നതിന് മുമ്പുതന്നെ ഇക്കാരണം പറഞ്ഞ് പതിനായിരത്തിന്റെയും അയ്യായിരത്തിന്റെയും നോട്ടുകൾ പിൻവലിച്ച രാജ്യമാണ് ഇന്ത്യ, 1978 ലും വലിയ നോട്ടുകൾ പിൻവലിക്കപ്പെട്ടു. എന്നിട്ടും കള്ളപ്പണം പെരുകിയതെന്തുകൊണ്ടാണെന്നെങ്കിലും ലാൽ ചിന്തിക്കണമായിരുന്നു. ഇത്തരം നടപടികൾ സ്വീകരിച്ച ലോകരാജ്യങ്ങളിൽ എവിടെയെങ്കിലും കള്ളപ്പണം അതോടെ ആവിയായി പോയോ എന്നുകൂടി പ്രിയനടൻ അന്വേഷിക്കുമെങ്കിൽ നല്ലത്.

രാജസ്ഥാൻ മരുഭൂമിയിൽ നിന്നും തിടുക്കപ്പെട്ട് ബ്ലോഗെഴുതുമ്പോൾവാലന്റൈൻ സെർഗയേവ്ച്ച് പാവ് ലോവിനെ ശ്രീ മോഹൻലാൽ തീർച്ചയായും ഓർക്കണമായിരുന്നു .13 വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞ ഈ മനുഷ്യൻ ഇന്ന് ഓർമിക്കപ്പെടുന്നത് ഒരു വിഢിത്തത്തിന്റെ പേരിലാണ്. ചിലർ ചരിത്രത്തിൽ ഓർമിക്കപ്പെടുക വിഢിത്തങ്ങളുടെ പേരിലായിരിക്കും. സോവിയറ്റ് യൂണിയനിലെ അവസാനത്തെ പ്രധാനമന്ത്രിയായിരുന്നു വാലന്റൈൻ പാവ്ലോവ്. അദ്ദേഹം യു എസ് എസ് ആറിൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് ഇപ്പോൾ ശ്രീ.നരേന്ദ്ര മോദി ഇന്ത്യയിൽ നടപ്പാക്കിയിരിക്കുന്നത്. രണ്ടു പരിഷ്കാരങ്ങളുടെയും സമാനതകൾ അദ്ഭുതകരമാണ്.

1991 ജനുവരി 22ന് താൻ പ്രധാനമന്ത്രിയായതിന്റെ ഒമ്പതാം നാളിലാണ് പാവ് ലോവ് തന്റെ മണ്ടൻ പരിഷ്കാരം റഷ്യയ്ക്ക് മേൽ അടിച്ചേൽപിച്ചത്. ലോക ഭൂപടത്തിലെ മഹാരാഷ്ട്രം കൊടും തണുപ്പിൽ മൂടിപ്പുതച്ച് ഉറങ്ങാൻ തുടങ്ങുമ്പോഴാണ് രാത്രി കൃത്യം ഒമ്പത് മണിക്ക് സെൻട്രൽ ടെലിവിഷനിൽ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. ഗോർബച്ചേവാണ് പാവ് ലോവിന്റെ പരിഷ്കാരം പ്രഖ്യാപിച്ചത്. 30 വർഷമായി പ്രചാരത്തിലുണ്ടായിരുന്ന റഷ്യയിലെ ഏറ്റവും വലിയ കറൻസികൾ 100 ഉം 50 ഉം റൂബിൾ നോട്ടുകൾ പിൻവലിക്കുന്നതായിരുന്നു പരിഷ്കാരം. പറഞ്ഞ കാരണങ്ങൾ: കള്ളപ്പണം, കള്ളനോട്ട് , കള്ളക്കടത്ത് .....!

പോസ്റ്റാഫീസ്, റെയിൽവേ സ്റ്റേഷൻ, എയർ പോർട്ട് എന്നിവിടങ്ങളിൽ പഴയ കറൻസി ഉപയോഗിക്കാൻ ഏതാനും ചില ദിവസങ്ങളിലേക്ക് കൂടി അനുവാദം നൽകി. പഴയ കറൻസി മാറ്റി വാങ്ങാൻ ആയിരം റൂബിൾ എന്ന് പരിധി നിശ്ചയിച്ചു. ഒന്നിൽ കൂടുതൽ ബാങ്കുകളിൽ പോയി ആയിരം റൂബിൾ വീതം മാറുന്നത് തടയാൻ പാസ്പോർട്ടിൽ മഷിയടയാളം വെച്ചു...! സ്വന്തം അക്കൗണ്ടിലുള്ള പണം പിൻവലിക്കുന്നതിന് പരിധി നിശ്ചയിച്ചു (പരമാവധി 500 റൂബിൾ ). അന്ന് റഷ്യക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ജനങ്ങൾ പോസ്റ്റോഫീസിലേക്കും എയർപോർട്ടിലേക്കും റെയിൽവേ സ്റ്റേഷനിലക്കും ഓടി ..... കൂട്ടമായി ടിക്കറ്റുകൾ ബുക്ക് ചെയ്തു. പിന്നീട് ക്യാൻസൽ ചെയത് പുതിയ കറൻസിയാക്കാമെന്ന് കണക്ക് കൂട്ടി.

പാവ് ലോവ് പരിഷ്കാരം റഷ്യയിൽ എന്ത് മാറ്റമാണ് ഉണ്ടാക്കിയത്? മൂന്ന് മാസത്തിന് ശേഷം ഫലം വിലയിരുത്തിയപ്പോൾ സ്ഥിതി ഭയാനകമായിരുന്നു. ആത്മഹത്യകൾ പെരുകി, നിത്യോപയോഗ സാധനങ്ങളുടെ വില 300 ശതമാനം കണ്ട് വർദ്ധിച്ചു. ദേശീയ ഉൽപാദനം കുത്തനെ ഇടിഞ്ഞു. ഫാക്ടറികൾ പൂട്ടി. തൊഴിലില്ലായ്മ രൂക്ഷമായി. ദേശീയ വരുമാനം മുമ്പുള്ളതിന്റെ 20% ആയി കുറഞ്ഞു. ജനങ്ങൾ തെരുവിലിറങ്ങിത്തുടങ്ങിയിരുന്നു.

രാഷ്ട്രം ഗുരുതരാവസ്ഥയിലൂടെ കടന്നു പോകുമ്പോൾ, ബഹുഭൂരിപക്ഷം പൗരന്മാരും നരകയാതന അനുഭവിക്കുമ്പോൾ പക്ഷെ ചിലർ പാവ് ലോവിന് സല്യൂട്ടടിച്ചിരുന്നു. സ്തുതിഗീതങ്ങൾ പാടിയിരുന്നു. (അക്കൂട്ടത്തിൽ ചലച്ചിത്ര താരങ്ങളുണ്ടായിരുന്നോ എന്നറിയില്ല). പരിഷ്കാരത്തിലൂടെ കള്ളപ്പണം ഇല്ലാതാകുമെന്നും രാജ്യം പുരോഗമിക്കുമെന്നും അക്കൂട്ടർ ആവർത്തിച്ചു കൊണ്ടേയിരുന്നു. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. പരിഷ്കാരം നടപ്പിലാക്കി 6 മാസം തികയുന്നതിന് മുമ്പ് ആ രാഷ്ട്രം തകർന്നടിഞ്ഞു. സോവിയറ്റ് യൂണിയൻ എന്ന മഹത്തായ രാഷ്ട്രം തന്നെ ഇല്ലാതായി. സോവിയറ്റ് തകർച്ചയുടെ സുപ്രധാന കാരണങ്ങളിലൊന്നായി ചരിത്രകാരന്മാർ വിലയിരുത്തുന്നത് പാവ് ലോവ് പരിഷ്കാരമാണ് .

ഒരു ജനതയുടെ വെറുപ്പ് മുഴുവൻ ഏറ്റുവാങ്ങിയ പാവ് ലോവിന്റെ പരിഷ്കാരത്തെ ലോകത്തിലെ പത്ത് "സാമ്പത്തിക വിഢിത്ത "ങ്ങളിലൊന്നായി ഇന്ന് ധനതത്വ ശാസ്ത്ര വിദ്യാർത്ഥികൾ പഠിക്കുന്നു. പാവ് ലോവ് പരിഷ്കാരത്തിന്റെ ഈച്ചക്കോപ്പിയാണ് ഇന്ത്യയിൽ മോഡി നടപ്പാക്കുന്നത്. കോപ്പിയടിക്കുമ്പോൾ വിഢിത്തം തന്നെ കോപ്പിയടിക്കണമെന്ന് വാശി പിടിക്കുന്നവരെ കുറിച്ച് എന്തു പറയാൻ. ഈ പരിഷ്കാരത്തെയാണ് മോഹൻലാൽ സല്യൂട്ട് ചെയ്ത് സ്വീകരിക്കുന്നത്. ....!.

പരിഷ്കാരത്തിന് ശേഷം പാർലമെന്റിനെ അഭിമുഖീകരിക്കാനുള്ള ധൈര്യവും ജനാധിപത്യ മര്യാദയും കാണിക്കാത്ത മോഡിയെ മോഹൻലാൽ സല്യൂട്ട് ചെയ്യുമോ? കേരള മുഖ്യമന്ത്രി ഉൾപ്പെടുന്ന സർവ്വകക്ഷിസംഘത്തെ കാണാനുള്ള സാമാന്യ മര്യാദപോലും പ്രകടിപ്പിക്കാത്ത പ്രധാനമന്ത്രിയെ ലാൽ സല്യൂട്ട് ചെയ്യുമോ ?. ഇത്തരം ഏകാധിപതികൾക്കും അവരുടെ അരാജക ഭരണത്തിനും പിന്നീട് എന്തു സംഭവിച്ചുവെന്നു കൂടി ഇന്ന് സല്യൂട്ടടിക്കുന്നവർ ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും.
Next Article