കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ഉറച്ച് സിപിഎം. വടക്കാഞ്ചേരി ലളിത തന്നെ മതിയെന്നും പ്രതിഷേധമുള്ളവര്‍ ഭൂരിപക്ഷ അഭിപ്രായത്തോട് യോജിക്കണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ വ്യക്തത കൈവരുത്തുന്നതിനായി ഇടത് നേതൃത്വം ലളിതയുമായി വീണ്ടും ചര്‍ച്ച നടത്തും.
കെപിഎസി ലളിതയെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം പദ്ധതിയിട്ടതിന് പിന്നാലെ വടക്കാഞ്ചേരിയില്‍ താരത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. തങ്ങള്‍ക്ക് നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ ആവശ്യമില്ലെന്ന് വ്യക്തമാക്കി പലയിടത്തും പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
പ്രതിഷേധം ശക്തമായതോടെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് വ്യക്തമാക്കി ലളിത രംഗത്തെത്തിയത്. സിപിഎം വിളിച്ചാലും മത്സരിക്കാന്‍ താനില്ല. വീണ്ടും വീണ്ടും വിളിക്കുമ്പോള്‍ പാര്‍ട്ടിയോട് സ്‌നേഹം തോന്നുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ തന്നെ മത്സരിക്കാന്‍ അനുവദിക്കുന്നില്ലെന്നും കെപിഎസി ലളിത പറഞ്ഞു.