സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് മുതല്‍

Webdunia
ബുധന്‍, 12 ഓഗസ്റ്റ് 2015 (08:39 IST)
സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഇന്ന് സെക്രട്ടറിയേറ്റ് യോഗവും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ സംസ്ഥാനസമിതി യോഗവുമാണ് നടക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തുവരുന്നതും അരുവിക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വിയും പ്രധാനമായും ചര്‍ച്ചയാകും.

അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വി, എസ്എന്‍ഡിപി ബിജെപിയുമായി അടുക്കുന്ന സാഹചര്യം, അവസാന നിമിഷം ലയനത്തില്‍ നിന്നും ജെഎസ്എസ് പിന്മാറിയ സംഭവം, നടക്കാന്‍ പോകുന്ന തദ്ദേശതെരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളാകും പ്രധാനമായും ചര്‍ച്ചയില്‍ വരുക. അരുവിക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ച് ജില്ലാകമ്മിറ്റി തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ടാണ് യോഗം പ്രധാനമായും പരിഗണിക്കുന്നത്. അരുവിക്കരയില്‍ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടായെന്നും ഇത് യുഡിഎഫ് മുതലെടുത്തുവെന്നുമുള്ള റിപ്പോര്‍ട്ടായിരുന്നു ജില്ലാകമ്മിറ്റി തയ്യാറാക്കിയത്. ബിജെപിയുടെ മുന്നേറ്റം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുമായി അകല്‍ച്ചയില്‍ നില്‍ക്കുന്നവരെ തിരികെ കൊണ്ട് വരണമെന്ന നിര്‍ദ്ദേശം പ്രദേശികനേതൃത്വങ്ങള്‍ക്ക് സംസ്ഥാനഘടകം നല്‍കിയിരുന്നു. ഇതിന്റെ വിലയിരുത്തലുകളും യോഗത്തില്‍ നടക്കും. എസ്എന്‍ഡിപി ബിജെപിയുമായി അടുക്കുന്ന സാഹചര്യത്തില്‍ അകന്നു നില്‍ക്കുന്ന പാര്‍ട്ടി അനുഭാവികളെയും പ്രവര്‍ത്തകരെയും തിരികെ എത്തിക്കാനുള്ള നീക്കങ്ങള്‍ എവിടെവരെയെത്തിയെന്നും യോഗം വിലയിരുത്തും.