കച്ചമുറുക്കി സിപിഎം; കള്ളക്കടത്ത്, ക്വട്ടേഷന്‍ ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ വേണ്ട, സ്ത്രീവിരുദ്ധത പറഞ്ഞാലും ഉടന്‍ നടപടി

ശനി, 26 ജൂണ്‍ 2021 (10:33 IST)
അടിമുടി ശുദ്ധീകരണത്തിനൊരുങ്ങി സിപിഎം. കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയെ മറയാക്കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഇത്തരക്കാരെ പാര്‍ട്ടി പൂര്‍ണമായി തള്ളി പറയും. പാര്‍ട്ടി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരക്കാര്‍ക്ക് ലൈക്ക് പോലും നല്‍കരുതെന്നാണ് സംസ്ഥാന, ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഡിവൈഎഫ്‌ഐയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ലെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു. തെറ്റായ നിലപാടെടുക്കുന്ന ആരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകില്ലെന്നും മന്ത്രി വ്യക്തമാക്കി. കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നവര്‍ തിരുത്തണമെന്ന് ഡിവൈഎഫ്‌ഐ നിലപാടെടുത്തു. ഫാന്‍സ് ക്ലബുകാര്‍ സ്വയം പിരിഞ്ഞുപോകണമെന്നും ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുക്കും. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ആരെങ്കിലും എഴുതുകയോ അഭിപ്രായം പറയുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍