പ്രവാസിക്ക് കൊറോണയുണ്ടെന്ന് വ്യാജപ്രചരണം നടത്തിയ 4 പേര്‍ പിടിയിൽ

ജോര്‍ജി സാം
വ്യാഴം, 2 ഏപ്രില്‍ 2020 (19:33 IST)
വിദേശത്തുനിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നയാൾക്ക് കോവിഡ് 19 രോഗമുണ്ടെന്ന് സ്ഥിരീകരിച്ചതായി വ്യാജ പ്രചരണം നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് ചിറ്റിയൂർക്കോട്  സ്വദേശികളായ രാമചന്ദ്രൻ നായർ, രാജേന്ദ്രൻ നായർ, മധു, രാധാകൃഷ്ണൻ എന്നിവരെയാണ് മലയിൻകീഴ് എസ്ഐ സൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
 
ചിറ്റിയൂർക്കോട്ടുകാരനായ പ്രവാസി കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു നാട്ടിലെത്തിയതെങ്കിലും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശത്തെ തുടർന്ന് ഇയാൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ പ്രതികൾ ഇയാളുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച്  ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചു. എങ്കിലും ബന്ധുക്കൾ പ്രവാസിയെ വിളിച്ചപ്പോൾ വാർത്ത വ്യാജമാണെന്ന് അറിഞ്ഞതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 
 
ഏപ്രിൽ ഫൂളാക്കാനാണ് തങ്ങൾ ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചതെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും കേസ് രജിസ്റ്റർ ചെയ്‌ത് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article