സംസ്ഥാനത്ത് 32 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച ആകെ രോഗികളുടെ എണ്ണം 213 ആയി. കാസർഗോഡ് 17, കണ്ണൂർ 11,വയനാട് 2, ഇടുക്കി 2 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച കേസുകൾ.
പായിപ്പാട് നൂറ് കണക്കിനു അന്യ സംസ്ഥാന തൊഴിലാളികൾ പുറത്തിറങ്ങി പ്രതിഷേധിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ നടപടി എടുത്തിട്ടുണ്ട്. തൊഴിലാളികളെ ഇളക്കി വിടാൻ ശ്രമം നടന്നിട്ടുണ്ട്. കേരളം നേടിയ മുന്നേറ്റത്തെ താറടിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്ന് വ്യക്തം. അതിഥി തൊഴിലാളികൾക്ക് താമസസൗകര്യം ഉറപ്പാക്കും. തൊഴിലാളികളെ തെട്ടിദ്ധരിപ്പിക്കാൻ വ്യാജ പ്രചരണം നടത്തിയ രണ്ട് പേരെ മലപ്പുറത്ത് പിടിച്ചിട്ടുണ്ട്. ഇവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കും.
1,57,253 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,56,660 പേര്‍ വീടുകളിലാണുള്ളത്. 623 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. അതേസമയം, ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടി. 20-03-2020ന് കാലവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂട്ടി ദീര്‍ഘിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.