30000 രൂപയുടെ വ്യാജകറന്‍സിയുമായി ഒരാള്‍ പിടിയില്‍

ശനി, 4 ജൂലൈ 2015 (19:02 IST)
30,000 രൂപയുടെ വ്യാജ കറന്‍സിയുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം ആറോണ്‍ ബില്‍ഡിംഗ്സില്‍ ആനക്കുഴി പുത്തന്‍വീട്ടില്‍ അബ്ദുള്‍ റഷീദ് എന്ന 54 കാരനാണ് പൊലീസ് വലയിലായത്.

500 രൂപയുടെ 60 വ്യാജ നോട്ടുകളുമായാണ് ഇയാളെ കുടുക്കിയത്. ഇതിനു സമാനമായ കേസില്‍ മുമ്പ് മൂന്നു തവണ പിടിയിലായെങ്കിലും പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തിരൂരങ്ങാടിക്ക് സമീപം ഫ്ലാറ്റില്‍ ഒരു സ്ത്രീക്കൊപ്പം ഇയാള്‍ ഏതാനും മാസങ്ങളായി കഴിയവേയാണ് കള്ളനോട്ട് വിതരണം ചെയ്തിരുന്നത്.

ചില്ലറ സാധനങ്ങള്‍ വാങ്ങിയ ശേഷം വ്യാജ നോട്ട് നല്‍കി മാറ്റിയെടുക്കലായിരുന്നു ഇയാളുടെ രീതി. എസ്.പി ക്ക് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് മഞ്ചേരി സി.ഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2007 ല്‍ തൃപ്പൂണിത്തുറയില്‍, 2010 ല്‍ തിരുനെല്‍വേലി, 2011 ല്‍ ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ വ്യാജ കറന്‍സി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് പിടിച്ചിരുന്നു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക