‘വീണ് പോകാത്ത ജനത‘; നിപയേയും സിക്കയേയും ഒടുവിൽ കൊറോണയേയും തുരത്തി കേരളം, ബിബിസിയിൽ കേരളത്തിന് അഭിനന്ദനം

ചിപ്പി പീലിപ്പോസ്
വ്യാഴം, 5 മാര്‍ച്ച് 2020 (08:48 IST)
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി എങ്ങും പടർന്നു പിടിക്കുകയാണ്. ഇന്ത്യയിൽ നിലവിൽ 28 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. മൂന്ന് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ ശ്രദ്ധേയമായ ഇടപെടലും ശക്തമായ ആരോഗ്യ സുരക്ഷാ സംവിധാനവും ചികിത്സയും മൂലം അവരെ മൂന്ന് പേരെയും തിരികെ കൊണ്ട് വരാൻ കഴിഞ്ഞു.  
 
കേരളത്തിൽ കൊറോണ ബാധിച്ച മൂന്ന് പേരും രോഗം ഭേദമായി തിരിച്ച് വീടുകളിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യയിൽ തെലങ്കാന, രാജസ്ഥാൻ, ഡൽഹി എന്നിവടങ്ങളിൽ കൂടി വൈറസ് വ്യാപകമായി പടർന്നു പിടിക്കുമ്പോൾ കേരളത്തിലെ അരോഗ്യവകുപ്പിന്റെ ഇടപെടൽ ഇന്ത്യക്ക് മാതൃകയാക്കാവുന്നതാണ്.  
 
കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിന്റെ മികവ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്. ബിബിസി- യിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചർച്ചയിൽ കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രത്യേകതകൾ പരാമർശിക്കപ്പെടുകയുണ്ടായി. 
 
നിപ്പ, സിക്ക, കൊറോണ വൈറസ് ബാധ ഉൾപ്പെടെയുള്ള പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ കേരളം മുന്നോട്ടു വച്ച മാതൃകയെ അവതാരക പ്രശംസിച്ചിരുന്നു. ഇത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി നമ്മുടെ പ്രാഥമിക ആരോഗ്യ സംവിധാനത്തിന്റെ ഇടപെടൽ ശേഷിയും, രോഗങ്ങളെ ഡയഗ്നോസ് ചെയ്യാനുള്ള മികവും കാരണമാണ് അത് സാധിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ പറഞ്ഞു. 
 
ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും ജനകീയമാക്കാനും ഈ ബോധ്യം നമുക്ക് കരുത്തു പകരുമെന്ന് മുഖ്യമന്ത്രി കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article