ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചൈനയിൽ നിന്നും എത്തിയ വിദ്യാർത്ഥിയുടെയും അവരുമായി സമ്പർക്കത്തിലേർപ്പെട്ട ആളുകളിൽ നിന്ന് സാമ്പിൾ എടുത്ത് കേന്ദ്രത്തിന് അയച്ചിരുന്നു. കേരളത്തിൽ നിന്നും 20 പേരുടെ സാമ്പിളാണ് കേന്ദ്രത്തിലേക്ക് അയച്ചത്. അതിൽ ഒരു വിദ്യാർത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
തൃശൂർ ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് വിദ്യാർത്ഥിനി. വിദ്യാർത്ഥിനിയുടെ ആരോഗ്യനില ഗുരുതരമല്ല. വിദ്യാർത്ഥിനിയെ നേരത്തേ തന്നെ ഐസുലേറ്റ് ചെയ്തിരുന്നു. ആയതിനാൽ ആശങ്കാ ജനകമായ അവസ്ഥയല്ലെന്നും വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
‘കേരളം ഒറ്റക്കെട്ടായി നിൽക്കണം. നിപ വൈറസിനെ നമ്മൾ പ്രതിരോധിച്ചത് പോലെ തന്നെ കൊറോണയേയും പ്രതിരോധിക്കാൻ നമുക്ക് കഴിയട്ടെ. സംശയാസ്പദമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഡോക്ടറെ കാണാൻ മടി കാണിക്കരുത്. എന്തുതന്നെയായാലും റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. എങ്കിൽ മാത്രമേ ചികിത്സയിലൂടെ ഈ അവസ്ഥയെ മറികടക്കാൻ കഴിയൂ’- ആരോഗ്യമന്ത്രി അറിയിച്ചു.