ഇതുവരെ 170 ആളുകളാണ് കൊറോണ ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്. ആയിരത്തിലധികം ആളുകളിലേക്ക് ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഈ വൈറസ് പടർന്നു കഴിഞ്ഞു. ഇതോടെ 7,770 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വുഹാനിലെ കടൽ വിഭവ മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവമെന്നാണ് കരുതുന്നത്.
വൈറസ് ബാധയേറ്റവരിൽ ഭൂരിഭാഗവും വുഹാനിലെ താമസക്കാരോ അവിടെ സന്ദർശനം നടത്തിയവരോ ആണ്. പാമ്പിൽ നിന്നോ, ഞണ്ടിൽ നിന്നോ ആണ് വൈറസ് മനുഷ്യനിലേക്ക് എത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. വൈറസിന്റെ പ്രഭവ കേന്ദ്രത്തെ കുറിച്ച് തന്നെ ഗവേഷകർക്ക് നിരവധി അഭിപ്രായമാണുള്ളത്.
വൈറോളജി ലാബിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് വുഹാൻ കടൽ വിഭവ മാർക്കറ്റ്. വുഹാൻ മാർക്കറ്റിൽ വിറ്റഴിക്കപ്പെട്ട മത്സ്യത്തിൽ നിന്നോ മാംസത്തിൽ നിന്നോ ആണ് വൈറസ് മനുഷ്യനിലേക്ക് പടർന്നതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, പിന്നീട് ആണ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത കണ്ടെത്തിയത്. ഇതോടെയാണ് കൊറോണ അപകടകാരിയായ വൈറസാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.
കാനഡയിലെ വിന്നിപെഗിലെ നാഷണൾ വൈറോളജി ലാബിൽ നിന്നും പുറത്താക്കപ്പെട്ട ചൈനീസ് ദമ്പതികൾക്കും കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധമുണ്ടെന്നും വാദങ്ങളുയരുന്നുണ്ട്. നയലംഘനം നടത്തിയെന്ന് തെളിഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികൾക്കൊപ്പം ചൈനീസ് ദമ്പതികളേയും കഴിഞ്ഞ വർഷം ലാബിൽ നിന്നും പുറത്താക്കിയിരുന്നു. വുഹാൻ ലാബിലേക്ക് ചൈനീസ് ശാസ്ത്രജ്ഞർ കൊറോണ വൈറസ് അയച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ കാനഡ സർക്കാർ ഇത് നിഷേധിച്ചിട്ടുണ്ട്. ഇത്തരത്തിൽ നിരവധി വ്യാജ പ്രചരണങ്ങൾ ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.