'സിപിഎമ്മിനെ കണ്ടുപഠിക്ക്'; സെമി കേഡര്‍ പാര്‍ട്ടിയാകാന്‍ കോണ്‍ഗ്രസ്

ബുധന്‍, 9 ജൂണ്‍ 2021 (08:41 IST)
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേതൃമാറ്റം നടത്തി പുതിയൊരു രീതി പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് കൊണ്ടുവരാനാണ് നേതൃത്വത്തിന്റെ ശ്രമം. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് ഈ മാറ്റത്തിനു നേതൃത്വം വഹിക്കുന്നത്. ഗ്രൂപ്പ് പോരും പരസ്പരമുള്ള പഴിചാരലുകളും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. കേരളത്തിലെ ഗ്രൂപ്പ് അതിപ്രസരത്തില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ട്. സിപിഎമ്മിലെ കേഡര്‍ സംവിധാനത്തോട് മുട്ടിനില്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നാണ് പ്രവര്‍ത്തകരുടെ അടക്കം വിമര്‍ശനം. ഇതിനു അന്ത്യം കാണുകയാണ് സെമി കേഡര്‍ സംവിധാനത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടുവന്ന് സുധാകരന്‍ ലക്ഷ്യമിടുന്നത്. ഇടതുപക്ഷം തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത് സിപിഎമ്മിലെയും സിപിഐയിലെയും കേഡര്‍ സംവിധാനത്തിന്റെ മികവുകൊണ്ട് ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം സമ്മതിക്കുന്നു.
 
തോന്നിയതൊക്കെ വിളിച്ചു പറയുന്ന നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന നിലപാടിലാണ് കെ.സുധാകരന്‍. വളരെ രൂക്ഷമായി എതിരാളികളെ കടന്നാക്രമിക്കുകയും കോണ്‍ഗ്രസിനെതിരെ തന്നെ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്ന സുധാകരന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി വളരെ പക്വതയോടെയാണ് പ്രതികരിക്കുന്നത്. പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുമെന്ന് സുധാകരന്‍ വ്യക്തമാക്കി കഴിഞ്ഞു. 
 
പോഷക സംഘടനകള്‍ക്ക് തുല്യപ്രാധാന്യം നല്‍കി പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നാണ് സുധാകരന്റെ നിലപാട്. കോണ്‍ഗ്രസിന് അച്ചടക്കം കുറവാണ്. തോന്നിയ പോലെ പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുന്ന ശൈലിയുണ്ട്. ഇത് മാറ്റണം. പാര്‍ട്ടിയില്‍ അച്ചടക്കം കൊണ്ടുവരണം. സെമി കേഡര്‍ സംവിധാനത്തിലേക്ക് പാര്‍ട്ടിയെ മാറ്റുകയാണ് ലക്ഷ്യം. സംഘടനാ തിരഞ്ഞെടുപ്പ് അടക്കം ഉടനെ നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും സുധാകരന്‍ പറയുന്നു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍