കോവിഡിനെതിരെ മുന്നണിപ്പോരാളികള്‍ ആയി പടപൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുവെന്ന് ഐഎംഎ. അടി കിട്ടുമോ എന്ന ഭയത്തോടെ അല്ലാതെ രോഗികളെ നോക്കാന്‍ പറ്റാത്ത അവസ്ഥ. ഇത്രയും അരക്ഷിതാവസ്ഥ നിറഞ്ഞ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല, പ്രത്യേകിച്ച് മഹാമാരിയില്‍ നട്ടംതിരിയുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാന്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അല്‍പമെങ്കിലും നീതി ലഭിക്കാന്‍ ഏതറ്റം വരെ പോകണം എന്ന് മനസ്സിലാകാത്ത അവസ്ഥ.
മാവേലിക്കര ആശുപത്രിയില്‍ ഒരു ഡോക്ടറേ കയ്യേറ്റം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് മൂന്നാഴ്ചയായി ഒരു നടപടിയും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ട് പോലും ആശുപത്രി സംരക്ഷണ നിയമം അനുസരിച്ച് എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തിട്ടും അറസ്റ്റ് നടന്നിട്ടില്ല. പല കാരണങ്ങള്‍ പറഞ്ഞു കൊണ്ട് പ്രതിക്ക് രക്ഷപ്പെടുന്നതിനുള്ള സാഹചര്യമൊരുക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഐഎംഎ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഈ ദുരന്ത സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സമരമുഖത്തേക്ക് വലിച്ചിഴക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ. അടി വാങ്ങാന്‍ മാത്രമായി ജോലിചെയ്യാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന് വളരെ ശക്തമായ ഭാഷയില്‍ സര്‍ക്കാരിനെ അറിയിക്കുന്നു. വര്‍ഷങ്ങളോളം സമരം ചെയ്തു നേടിയ ആശുപത്രി സംരക്ഷണ നിയമം പോലും നടപ്പിലാക്കാന്‍ സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും തയ്യാറാവുന്നില്ലെങ്കില്‍ മനസ്സില്ലാ മനസ്സോടെ ശക്തമായ സമര പരിപാടികളിലേക്ക് ഇറങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധി തരാകും എന്ന മുന്നറിയിപ്പ് തരാന്‍ കൂടി ഈ അവസരം വിനിയോഗിക്കുന്നുവെന്നും ഐഎംഎ വ്യക്തമാക്കി.