കോണ്‍ഗ്രസ് പതിവായി അവഗണിക്കുന്നു; ജഗദീഷ് ഇടതുപാളയത്തിലേക്ക്, തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്!

Webdunia
ശനി, 20 ഫെബ്രുവരി 2016 (15:17 IST)
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ കടുത്ത കോണ്‍ഗ്രസ് അനുഭാവിയായ നടന്‍ ജഗദീഷ് എൽഡിഎഫ് പാളയത്തിലേക്ക് കൂടുമാറിയതായി റിപ്പോര്‍ട്ട്. യുഡിഎഫിന്റെ ഭാഗത്തുനിന്നുള്ള അവഗണനയാണ് താരത്തെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിശ്വസ്‌ത കേന്ദ്രങ്ങള്‍ പറയുന്നത്.

യുഡിഎഫിന്റെ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ അവഗണനയെ തുടര്‍ന്ന് ജഗദീഷ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർഥിയായി തിരുവനന്തപുരത്ത് ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇടത് നേതാക്കള്‍ താരവുമായി കൂടിക്കാഴ്‌ച നടത്തിയെന്നും അദ്ദേഹം സമ്മതം മൂളിയതുമായിട്ടാണ് രാഷ്ട്രീയകേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

തിരുവനന്തപുരത്ത് ജഗദീഷിന് അനുയോജ്യമായ മണ്ഡലം കണ്ടെത്തുന്നതു മാത്രമാണ് നിലവിലെ പ്രശ്‌നമെന്ന് ന‌ടനോടടുത്ത കേന്ദ്രങ്ങളും വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് അനുഭാവിയായ ജഗദീഷ് എല്‍‌ഡി എഫിലേക് നീങ്ങുന്നതായുള്ള വാര്‍ത്തകള്‍ നേരെത്തെയും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇടത് പരിപാടികളില്‍ താരം മുഖം കാണിക്കുക കൂടി ചെയ്‌തതോടെ വാര്‍ത്തകള്‍ കൂടുതല്‍ ചൂടു പിടിക്കുകയും ചെയ്‌തിരുന്നു. പക്ഷേ, സ്ഥാനാർഥിത്വം സംബന്ധിച്ച കാര്യങ്ങളോട് പ്രതികരിക്കാൻ ജഗദീഷ് തയ്യാറായില്ല.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് ചേരിയില്‍ മത്സരിക്കുമെന്ന വാര്‍ത്തകളെ തള്ളി നടൻ ശ്രീനിവാസൻ രംഗത്തെത്തി. സിപിഎം സ്ഥാനാർത്ഥിയായി താന്‍ മത്സരിക്കുമെന്ന് വിവിധ കോണുകളില്‍ നിന്ന് വാര്‍ത്തക പ്രചരിക്കുന്നുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നിർബന്ധിച്ചാലും തന്നെ മത്സരരംഗത്ത് കാണാന്‍ സാധിക്കില്ല. മറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മലയാളത്തിന്റെ പ്രീയനടന്‍ പറഞ്ഞു.

തൃപ്പൂണിത്തറയിലെ കോണ്‍ഗ്രസിന്റെ ശക്തിയായ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെ ശ്രീനിവാസനെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.