തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ട് സീറ്റുകളിലും ബിജെപിക്ക് അട്ടിമറി ജയം; രണ്ടിടത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്, വോട്ട് ബിജെപിക്ക് മറിച്ചെന്ന് ആരോപണം !

Webdunia
ബുധന്‍, 18 മെയ് 2022 (13:25 IST)
സംസ്ഥാനത്ത് 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ തൃപ്പൂണിത്തുറ നഗരസഭയില്‍ നേട്ടമുണ്ടാക്കി ബിജെപി. തൃപ്പൂണിത്തുറ നഗരസഭയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളില്‍ ബിജെപി ജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടതോടെ നഗരസഭയില്‍ എല്‍ഡിഎഫിന് കേവലഭൂരിപക്ഷം നഷ്ടമായി. 
 
ഇളമനത്തോപ്പില്‍ (11), പിഷാരികോവില്‍ (46) എന്നീ വാര്‍ഡുകളാണ് എല്‍ഡിഎഫിന് നഷ്ടമായത്. രണ്ടിടത്തും ബിജെപി ജയിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തുമായി. 
 
ഇളമനത്തോപ്പില്‍ 363 വോട്ടുകള്‍ നേടിയാണ് ബിജെപി സ്ഥാനാര്‍ഥി വള്ളി രവി ജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാര്‍ഥി പ്രദീഷ് ഇ.ടി.ക്ക് 325 വോട്ടുകള്‍ ഉണ്ട്. ബിജെപിയുടെ ഭൂരിപക്ഷം വെറും 38 വോട്ടുകള്‍ മാത്രം. മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന് കിട്ടിയത് വെറും 70 വോട്ടുകള്‍. കഴിഞ്ഞ തവണത്തേക്കാള്‍ 150 വോട്ട് കുറവ് ! കോണ്‍ഗ്രസ് വോട്ടുകള്‍ വ്യാപകമായി ബിജെപിയിലേക്ക് പോയിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷിബു മലയിലിന് വെറും 70 വോട്ടുകള്‍ മാത്രം കിട്ടി എന്നത് വോട്ട് കച്ചവടത്തിന്റെ സൂചനയാണെന്ന് ഇടതുപക്ഷം ആരോപിക്കുന്നു. 
 
പിഷാരികോവില്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി രതി രാജു 468 വോട്ടുകളുമായി വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാര്‍ഥി സംഗീത സുമേഷിന് കിട്ടിയത് 452 വോട്ട്. ബിജെപി സ്ഥാനാര്‍ഥിയുടെ ജയം വെറും 16 വോട്ടുകള്‍ക്ക് മാത്രം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശോഭന തമ്പിയുടെ വോട്ട് 251 ! ഈ സീറ്റിലും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടെന്നാണ് ആരോപണം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article