രാജ്യത്തെ കൽക്കരിക്ഷാമം കേരളത്തെയും ബാധിച്ച് തുടങ്ങിയതായി വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി വ്യക്തമാക്കി. കൂടംകുളത്ത് നിന്ന് ഇന്നലെ 30 ശതമാനം വൈദ്യുതി മാത്രമാണ് ലഭിച്ചത്.കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന 1000 മെഗാവാട്ടിലും കുറവ് വന്നിട്ടുണ്ട്. ഇങ്ങനെ പോയാൽ സംസ്ഥാനത്ത് പവർക്കട്ട് നടപ്പിലാക്കേണ്ട സാഹചര്യമാണ് വരാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
പവർക്കട്ട് ഒഴിവാക്കി ചില നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതടക്കമുള്ളവ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിചേർത്തു. വൈകീട്ട് 6 മുതൽ 11 വരെയുള്ള സമയത്ത് വൈദ്യുത ഉപയോഗം കുറയ്ക്കാനുള്ള നിർദേശങ്ങളാണ് കെഎസ്ഇബി മുന്നോട്ട് വെയ്ക്കുന്നത്.അതേസമയം നിലവിലെ പ്രതിസന്ധി 6 മാസത്തോളം ഉണ്ടാകുമെന്ന സൂചനയാണ് കേന്ദ്രം നൽകുന്നത്. അങ്ങനെ വരികയാണെങ്കിൽ വേനലിൽ കടുത്ത വൈദ്യുതപ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങും.