സന്ധ്യയുടെ പ്രോട്ടോക്കോൾ ലംഘനവും അവതാരകയുടെ വിവരക്കേടും; കലിപ്പോടെ മുഖ്യമന്ത്രി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി - പിന്നാലെ കമ്മീഷണറും

Webdunia
വെള്ളി, 25 നവം‌ബര്‍ 2016 (19:36 IST)
എഡിജിപി ബി സന്ധ്യയുടെ പ്രോട്ടോക്കോൾ ലംഘനത്തിനൊപ്പം അവതാരകയുടെ വീഴ്‌ചയിലും അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിവിട്ടു. കൊച്ചി സിറ്റി പൊലീസിന്റെ പിങ്ക് പെട്രോളിംഗ് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചടങ്ങ് നിർവഹിക്കാതെ മടങ്ങി.

അധികൃതരുടെ വീഴ്‌ചയില്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു അതൃപ്‌തി അറിയിക്കുകയും ചെയ്‌തു. സിറ്റി പൊലീസ് ഒരുക്കിയ കാവലാൾ ഹ്രസ്വചിത്ര പ്രകാശനവും സ്‌ത്രീ സുരക്ഷയ്‌ക്കായുള്ള പിങ്ക് പെട്രോളിംഗ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമവും നിർവഹിക്കാനാണു സംഘാടകർ മുഖ്യമന്ത്രിയെ ക്ഷണിച്ചത്. പ്രോഗ്രാം നോട്ടിസ് പ്രകാരം ചടങ്ങിൽ മുഖ്യമന്ത്രി മാത്രമാണു പ്രസംഗകനെന്നും രണ്ടു പരിപാടിയുടെയും ഉദ്ഘാടനവും നിർവഹിക്കുകയെന്നുമാണു മുഖ്യമന്ത്രിയെ അറിയിച്ചിരുന്നത്.

എന്നാല്‍ ഇന്നു രാവിലെയാണ് പ്രോഗ്രാമില്‍ മാറ്റം വരുത്തിയത്. സ്‌ത്രീ സംബന്ധമായ ചടങ്ങായതിനാല്‍ നടി ഷീലയെ അധികൃതര്‍ വിളിക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനായി മാത്രം എത്തില്ലെന്ന് ഷീല വ്യക്തമാക്കിയതോടെ പിങ്ക് പെട്രോളിംഗ് കൺട്രോൾ റൂം നമ്പർ ലോഞ്ച് ചെയ്യുന്ന ചുമതല അവരെ ഏല്‍പ്പിച്ചു.

മേയർ സൗമിനി ജെയിനും ചടങ്ങിനുള്ളത് അധികൃതരെ സമ്മര്‍ദ്ദത്തിലാക്കിയതോടെ ഹ്രസ്വചിത്ര പ്രകാശനം അവരെ ഏൽപ്പിക്കുകയുമായിരുന്നു. എഡിജിപി ബി സന്ധ്യ എത്തുമെന്നതിനാല്‍ പിങ്ക് പെട്രോളിങ്ങിനെ പരിചയപ്പെടുത്തുന്ന ചുമതല എഡിജിപിക്കും നൽകി. ഇതോടെ പിങ്ക് പെട്രോൾ ഫ്ലാഗ് ഓഫ് മാത്രമായി മുഖ്യമന്ത്രിയുടെ ചുമതല ഒതുങ്ങി.

ചടങ്ങ് ആരംഭിച്ച ശേഷം പിങ്ക് പെട്രോളിംഗ്  പരിചയപ്പെടുത്താ‍ൻ സന്ധ്യയെ അവതാരക ക്ഷണിച്ചെങ്കിലും അവര്‍ എത്തിയിരുന്നില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ച സംഭവമുണ്ടായത്. സ്വാഗതപ്രസംഗം നടത്താൻ മുഖ്യമന്ത്രിയെ ക്ഷണിക്കുന്നു എന്ന് അവതാരക പറഞ്ഞതോടെ സിറ്റി പൊലീസ് കമ്മിഷണർ എംപി ദിനേശ് ഇടപെട്ട് അവതാരകയെ തിരുത്തുകയും മൈക്ക് വാങ്ങി മുഖ്യമന്ത്രിയെ ഉദ്ഘാടന പ്രസംഗത്തിനു ക്ഷണിക്കുകയുമായിരുന്നു.

മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ച ശേഷം നടി ഷീലയും മേയറും പ്രസംഗിക്കുകയും ചെയ്‌തു. തുടര്‍ന്നാണ് നാടകീയമായ സംഭവമുണ്ടായത്. വേദിയിലെത്തിയ എഡിജിപി സന്ധ്യ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതെ വേദിയിലിരുന്ന മറ്റുള്ളവരുടെ അടുത്തേക്ക് പോകുകയായിരുന്നു.

ഇതിനിടെ ഫ്ലാഗ് ഓഫിനായി മുഖ്യമന്ത്രി എഴുന്നേൽക്കാൻ തുടങ്ങുമ്പോഴേക്കും അവതാരക പ്രസംഗത്തിനായി എഡിജിപിയെ ക്ഷണിച്ചു. ഇതോടെ, മുഖ്യമന്ത്രി എഴുന്നേറ്റു വേദി വിടുകയുമായിരുന്നു.

കമ്മിഷണറടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചശേഷം പോകണമെന്ന് അദ്ദേഹത്തോട് അഭ്യർഥിച്ചെങ്കിലും അടുത്ത പരിപാടിയിൽ എത്താൻ വൈകുമെന്നറിയിച്ചശേഷം മുഖ്യമന്ത്രി മടങ്ങി. പിന്നീട്, സന്ധ്യയാണു ഫ്ലാഗ് ഓഫ് നിർവഹിച്ചത്.
Next Article