മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു. ചാനലുകള്‍ വാടകയ്ക്കെടുത്തവരാണ് തന്നെ കഴിഞ്ഞദിവസം കരിങ്കൊടി കാണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് എതിരെ സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് കരിങ്കൊടി കാണിച്ചത് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവം നടന്നത്. കന്റോണ്‍മെന്റ് ഗേറ്റുവഴി സെക്രട്ടേറിയറ്റില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിക്കു നേരെയാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാട്ടിയത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബാലു, ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്‌ണന്‍, കെ എസ് യു മുന്‍ ജില്ല സെക്രട്ടറി റിങ്കു, കെ എസ് യു പ്രവര്‍ത്തകരായ അജ്‌മല്‍ ഷാ, ജെമീര്‍ എന്നിവര്‍ സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ വഴിതടയലിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.
പിന്നീട് പൂജപ്പുര സ്റ്റേഷനിലേക്ക് മാറ്റിയ ഇവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എമാരായ കെ എസ് ശബരീനാഥന്റെയും എം വിന്‍സന്റിന്റെയും നേതൃത്വത്തില്‍ പൂജപ്പുര പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയയ്ക്കുകയായിരുന്നു. ഇവരെ ആയിരുന്നു മാധ്യമങ്ങള്‍ക്ക് വേണ്ടി വാടകയ്ക്ക് എടുത്തവര്‍ എന്ന് മുഖ്യമന്ത്രി ആരോപിച്ചത്.