പിടിവാശി തുടരുന്നു; പ്രതിഷേധം ശക്തമാക്കി തിയേറ്റര്‍ ഉടമകള്‍ - വ്യാഴാഴ്‌ച മുതല്‍ എ ക്ലാസ് തിയേറ്ററുകള്‍ അടച്ചിടും
ചൊവ്വ, 10 ജനുവരി 2017 (17:18 IST)
സിനിമ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് എ ക്ലാസ് തിയേറ്ററുടമകളുടെ സംഘടനയായ എക്‍സിബിറ്റേഴ്‌സ് ഫെഡറേഷൻ. സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ സംസ്‌ഥാനത്തെ എല്ലാ എ ക്ലാസ് സിനിമ തീയേറ്ററുകളും അടച്ചിടാനും തീരുമാനമായി.
തീയറ്റർ വിവിഹത്തെ ചൊല്ലിയുള്ള സിനിമ സമരം ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന എക്‍സിബിറ്റേഴ്‌സ് ഫെഡറേഷൻ യോഗത്തിന് ശേഷം പ്രസിഡന്റ് ലിബർട്ടി ബഷീറാണ് തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചെന്ന് അറിയിച്ചത്. അതിനൊപ്പം 50–50 തീയറ്റർ വിഹിതമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകേണ്ടെന്ന് ഫെഡറേഷൻ തീരുമാനിച്ചു. അതേസമയം സമരം അവസാനിപ്പിക്കാൻ വരും ദിവസങ്ങളിൽ ചർച്ചയ്ക്ക് തയാറാണെന്നും ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.
എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയിലുള്ള സംസ്‌ഥാനത്തെ 356 തീയറ്ററുകളാണ് അടച്ചിടുന്നത്. ഇതിനിടെ, ഫെഡറേഷന്‍ തിയേറ്ററുകളെ ഒഴിവാക്കി സിനിമകള്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളും വിതരണക്കാരും പ്രഖ്യാപിച്ചിരുന്നു. 12 മുതല്‍ ബി, സി ക്ലാസ് തിയറ്ററുകളിലും സര്‍ക്കാര്‍ തിയേറ്ററുകളിലും പുതിയ റിലീസുകള്‍ എത്തും.