യേശുക്രിസ്തുവും മുഹമ്മദ് നബിയും ഗോരക്ഷാവാദികളായിരുന്നു; വാദം ഗോസേവ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2016 (15:46 IST)
യേശുക്രിസ്തുവും പ്രവാചകന്‍ മുഹമ്മദ് നബിയും ഗോരക്ഷാവാദികള്‍ ആയിരുന്നെന്ന് ഗുജറാത്ത് ഗോസേവ ഗോചര്‍ വികാസ് ബോര്‍ഡ്. ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഗോവന്ദന കാര്യസരിത എന്ന തലക്കെട്ടിലുള്ള പ്രസിദ്ധീകരണത്തിലാണ് ഗോരക്ഷാസംബന്ധമായ പരാമര്‍ശമുള്ളത്. ഗോസംരക്ഷണത്തിനു വേണ്ടി പ്രമുഖ വ്യക്തികള്‍ പറഞ്ഞിട്ടുള്ള ഉദ്ധരണികള്‍ ചേര്‍ത്താണ് പ്രസിദ്ധീകരണം തയ്യാറാക്കിയിരിക്കുന്നത്. ഇതിലാണ്, ക്രിസ്തുവും മുഹമ്മദ് നബിയും ഗോസംരക്ഷണത്തിനായി നിലനിന്നത്.
 
പശുക്കിടാങ്ങളെ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിനു തുല്യമാണെന്ന് ക്രിസ്തു പറഞ്ഞതായി പ്രസിദ്ധീകരണത്തില്‍ പറയുന്നു. കൂടാതെ, മുഹമ്മദ് നബി പറഞ്ഞതായുള്ള ഉദ്ധരണിയും ഉണ്ട്. മൃഗങ്ങളില്‍ വിശേഷപ്പെട്ടതാണ് പശുവെന്നും അതിനെ ബഹുമാനിക്കണമെന്നും പറയുന്നു. അമൃതിന് തുല്യമാണ് പശു നല്കുന്ന പാലും നെയ്യുമെല്ലാം. ഗോമാംസം കഴിക്കുന്നത് രോഗങ്ങള്‍ക്ക് പ്രധാന കാരണമാകുമെന്നും ലേഖനത്തില്‍ ഉദ്ധരിക്കുന്നു.
 
അതേസമയം, പ്രസിദ്ധീകരണത്തിനെതിരെ നിരവധിയാളുകളാണ് ഇതിനകം രംഗത്തെത്തിയിരിക്കുന്നത്. അടിസ്ഥാനരഹിതമായ ഉദ്ധരണികളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ഇവര്‍ ആരോപിക്കുന്നത്. മുഹമ്മദ് നബി ജീവിച്ചിരുന്നത് അറേബ്യയില്‍ ആയിരുന്നെന്നും അവിടെ പശുക്കളില്ലെന്നും അതുകൊണ്ടു തന്നെ ഇത്തരമൊരു പരാമര്‍ശം അടിസ്ഥാനരഹിതമാണെന്നുമാണ് ഇവര്‍ പറയുന്നത്.
 
എന്നാല്‍, വിശ്വസനീയമായ രേഖകളില്‍ നിന്നാണ് ക്രിസ്തുവിന്റെയും നബിയുടെയും ഉദ്ധരണികള്‍ എടുത്തിട്ടുള്ളതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ വല്ലഭ് കഠീരിയ പറഞ്ഞു.
Next Article