ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നതിന് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടിക്ക് ഇരുചക്രവാഹനത്തില്‍ യാത്ര അനുവദിക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞ ശേഷം മാത്രം പിഴ ഈടാക്കിയാല്‍ മതിയെന്നാണ് നേരത്തെ സംസ്ഥാനം തീരുമാനിച്ചിരുന്നത്.
എ ഐ ക്യാമറ അവതരിച്ചപ്പോള്‍ മൂന്ന് പേര്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതോടെ അച്ഛനും അമ്മയ്ക്കുമൊപ്പം കുട്ടിയും യാത്ര ചെയ്താല്‍ പിഴയടക്കണമെന്ന സ്ഥിതി ഉണ്ടാവുകയും പൊതുജനങ്ങളില്‍ നിന്നും ഇതിനെതിരെ പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നിയമത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം വന്നതിന് ശേഷമാകും ഈ വിഷയത്തില്‍ പിഴ ഈടാക്കി തുടങ്ങുക.