മതേതരവാദിയാണെന്നതിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

Webdunia
ശനി, 10 ഒക്‌ടോബര്‍ 2015 (16:21 IST)
താന്‍ മതേതരവാദിയാണെന്നതിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിണറായി വിജയന്‍ അവസരവാദിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വാര്‍ത്താക്കുറിപ്പിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
 
സംസ്ഥാനത്തെ എസ് എന്‍ ഡി പി - ആര്‍ എസ് എസ് സഖ്യത്തിന് പിന്നില്‍ താനാണെന്ന പ്രസ്താവനയോട് ആണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ആര്‍ എസ് എസ് - എസ് എന്‍ ഡി പി സഖ്യത്തിന് പിന്നില്‍ താനെന്നത് അടിസ്ഥാനരഹിതമാണ്. എസ് എന്‍ ഡി പിയെ, ആര്‍ എസ് എസിന് അടിയറ വെയ്ക്കാന്‍ ശ്രീനാരായണീയര്‍ സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സി പി എമ്മില്‍ നിന്ന് ബി ജെ പിയിലേക്ക് അണികള്‍ കൊഴിഞ്ഞു പോകുന്നതിന്റെ അമര്‍ഷമാണ് പിണറായിക്ക്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ചാടുകയാണ്. രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി പിണറായി വര്‍ഗീയതയെ താലോലിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പിണറായിയുടേത് അവസരവാദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.