ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ടു മാസക്കാലത്തിലേറെ നീണ്ടുനിന്ന പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക്. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ
വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളുമായി മുന്നണികള് ശക്തമായി രംഗത്ത് സജീവമായിരിക്കുകയാണ്.
രാജ്യമാകെ ഉറ്റുനോക്കുന്ന രാഷ്ട്രീയ വിധിയെഴുത്ത് തിങ്കളാഴ്ച നടക്കും. ഫലപ്രഖ്യാപനം 31 നാണ്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ചെങ്ങനൂരിലെ മത്സരം അഭിമാനപ്പോരാട്ടമായാണ് കാണുന്നത്. ഇതിന്റെ ഭാഗമായി മൂന്ന് പാർട്ടിയുടെയും കേന്ദ്ര- സംസ്ഥാന നേതാക്കൾ നേരിട്ടെത്തിയായിരുന്നു പ്രചരണ പരിപാടികൾ.
എല്‍.ഡി.എഫിന് ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നതിനാല്‍ എന്തു വില കൊടുത്തും വിജയിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. യുഡിഎഫിന്റെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.