പൊലീസുകാരെ പറ്റിച്ചു കോടികൾ തട്ടിയ മുൻ പോലീസുകാരൻ പിടിയിൽ

എ കെ ജെ അയ്യര്‍
ഞായര്‍, 7 ഓഗസ്റ്റ് 2022 (11:02 IST)
ഇടുക്കി: പോലീസുകാർക്ക് അമിത പലിശയും ലാഭവും വാഗ്ദാനം ചെയ്തു ഒന്നരക്കോടി രൂപയുമായി മുങ്ങിയ മുൻ പോലീസ് ഉദ്യോഗസ്ഥനെ പോലീസുകാർ തന്നെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീർ ഷാ എന്ന 43 കാരനെ തമിഴ്‌നാട്ടിൽ നിന്നാണ് പിടികൂടിയത്.

ഉയർന്ന നിരക്കിൽ പലിശയും ലാഭവും ലഭ്യമാക്കാം എന്ന് വിശ്വസിപ്പിച്ചു രണ്ടു വർഷം മുമ്പ് സഹപ്രവർത്തകരായ പൊലീസുകാരെ കൊണ്ട് പോലീസ് സൊസൈറ്റിയിൽ നിന്ന് വായ്പ എടുപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഇയാളുടെ മോഹന വാഗ്ദാനങ്ങൾ വിശ്വസിച്ച പലരിൽ നിന്നായി ഇയാൾ അഞ്ച് ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ വാങ്ങി.

സൊസൈറ്റിയിൽ നിന്നെടുത്ത വായ്പയുടെ പ്രതിമാസ തവണയും ലാഭം ഇനത്തിൽ 15000 രൂപ മുതൽ 25000 രൂപവരെയുമാണ് ഇയാൾ വാഗ്ദാനം ചെയ്ത ശേഷം പണം വാങ്ങിയത്. തുടക്കത്തിലെ ആറുമാസം ഈ രീതിയിൽ കാര്യങ്ങൾ നന്നായി പോയി. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നതിലൂടെയാണ് തനിക്ക് ലാഭമായി നൽകാനുള്ള പണം ലഭിക്കുന്നതെന്നായിരുന്നു ഇയാൾ വിശ്വസിപ്പിച്ചത്. ഒരു വർഷം കഴിഞ്ഞതോടെ ഇയാൾ മുങ്ങി. പോലീസിൽ പരാതിയുമായി. തുടർന്ന് ഇയാളെ 2019 ൽ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

ഇയാൾക്കെതിരെ കുറച്ചു പേർ മാത്രമായിരുന്നു പരാതി നൽകിയത്. അത് പ്രകാരം ഇയാൾ ഒന്നരക്കോടി തട്ടിയെടുത്ത് എന്നാണു വരുന്നത്. എന്നാൽ 6 കോടിയിലധികം രൂപ ഇയാൾ തട്ടിയെടുത്ത് എന്നാണു കണക്കാക്കുന്നത്. വകുപ്പ് തല അന്വേഷണം വന്നാലോ എന്ന് ഭയന്നാണ് പണം നൽകിയ പലരും പരാതി നൽകാതിരുന്നത്.

രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി കുര്യാക്കോസിന്റെ നിർദ്ദേശ പ്രകാരം അമീർ ഷായെ തമിഴ്‌നാട്ടിൽ നിന്നാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article