വിവാദമായ ചന്ദ്രബോസ് വധക്കേസിന്റെ അന്തിമവാദം ഇന്ന് ആരംഭിക്കും. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക. ജനുവരി 31നകം ചന്ദ്രബോസ് വധക്കേസില്‍ അന്തിമവിധി ഉണ്ടാകണമെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വാദം പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സെഷന്‍സ് കോടതി തീരുമാനിക്കുകയായിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരെ കൂടി വിചാരണ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിലെ സാക്ഷിവിസ്താരം 75 ദിവസത്തോളം നീണ്ടു പോയിരുന്നു.
ചന്ദ്രബോസിന്‍റെത് അപകടമരണമാണെന്നും നിസാം മാനസിക രോഗിയാണെന്നും വരുത്തി തീർക്കാനായിരുന്നു പ്രതിഭാഗത്തിന്‍റെ ശ്രമം.
എന്നാൽ പ്രതിഭാഗം ഹാജരാക്കിയ സാക്ഷികളടക്കം അനുകൂലമായി മൊഴി നൽകിയതിന്‍റെ ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷൻ. കുറ്റപത്രത്തിലെ 111 സാക്ഷികളിൽ 22 പേരെയും പ്രതിഭാഗം സമർപ്പിച്ച സാക്ഷിപ്പട്ടികയിൽ നിന്നും കോടതി അനുവദിച്ച നാലു പേരെയുമാണ് വിസ്തരിച്ചത്.
അന്തിമവാദത്തിന് സുപ്രീംകോടതി അഭിഭാഷകരെ രംഗത്തിറക്കാനാണ് പ്രതിഭാഗം നീക്കം. കേസ് വലിച്ചു നീട്ടി ജനുവരി വരെയത്തെിച്ചെങ്കിലും അനുകൂലമാക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായിട്ടു പോലും അഡ്വ.രാമന്‍ പിള്ളയ്ക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശം നിസാമിന്റെ ബന്ധുക്കള്‍ക്കുണ്ട്.