ഭൂമിയിടപാട്; സലീം രാജിന്റെ പങ്ക് വ്യക്തം; ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി

Webdunia
വ്യാഴം, 4 ജൂണ്‍ 2015 (13:10 IST)
കടകംപള്ളി, കളമശേരി ഭൂമി ഇടപാട് കേസില്‍ അറസ്റ്റിലായ പ്രതികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സലീം രാജ് മുഖേനെ വന്‍തോതില്‍ പണം കൈമാറ്റം ചെയ്‌തിരുന്നതായി വ്യക്തമായി. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍വച്ചാണു തട്ടിപ്പിനു ഗൂഢാലോച നടത്തിയത്. രേഖകള്‍ തിരുത്തുന്നതിന് ഉദ്യോഗസ്ഥര്‍ പണംവാങ്ങി. സലിം രാജിന്റെ ബന്ധുക്കളില്‍നിന്നാണ് ഇവര്‍ പണം കൈപ്പറ്റിയതെന്നും അന്വേഷണത്തില്‍ നിന്ന് വ്യക്തമായി.
 
തട്ടിപ്പു നടത്തിയ ആറു ഭൂമി വില്‍പ്പന കരാറുകളിലും സലിം രാജിന്റെ പേരുണ്ടെന്ന് സിബിഐ പറയുന്നു. അതേസമയം കേസില്‍ അന്നത്തെ പിഡബ്ല്യുഡി സെക്രട്ടറി ടിഒ സൂരജിനു പങ്കുണ്ടോയെന്നും സിബിഐ അന്വേഷിക്കും. സൂരജിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. 
 
സലീം രാജോ അറസ്‌റ്റിലായ റവന്യൂ ഉദ്യോഗസ്ഥരോ മാത്രം വിചാരിച്ചാല്‍ ഇത്ര വലിയ തട്ടിപ്പ് നടക്കില്ലെന്ന് സിബിഐയ്ക്ക് വ്യക്തമായതോടെ കൂടുതല്‍ തെളിവ് ശേഖരണത്തിലേക്കും ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്തിക്കുന്നതിനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
 
കടകമ്പള്ളി കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ കളമശേരി ഭൂമിയിടപാട് കേസില്‍ കൂടി സിബിഐ പ്രതി ചേര്‍ക്കാനും തീരുമാനമായി. വൈകാതെതന്നെ സലീം രാജിനെക്കൂടി എഫ്ഐആറില്‍ ഉള്‍പ്പെടുത്തും. ഇടപെടല്‍ സംബന്ധിച്ച് കൂടുതല്‍ മൊഴി ലഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം. കടകമ്പളളി കേസില്‍ അറസ്റ്റിലായ ഇയാളെ കളമശേരി കേസില്‍ അറസ്റ്റു രേഖപ്പെടുത്തുകയെന്ന സാങ്കേതിക നടപടിക്രമം മാത്രമേ അന്വേഷണസംഘത്തിന് മുന്നിലുളളു. 
 
കളമശേരി കേസിലെ പരാതിക്കാര്‍ മാത്രമായിരുന്നു നാളിതുവരെ ഇയാളുടെ നേരിട്ടുളള ഇടപെടലുകളെക്കുറിച്ച് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥരില്‍ നിന്നും സലീം രാജിന്റെ ബന്ധുക്കളില്‍നിന്നും കൂടുതല്‍ തെളിവ് കിട്ടിയിട്ടുണ്ട്. വൈകാതെതന്നെ സലീം രാജിനെക്കൂടി എഫ്ഐ ആറില്‍ ഉള്‍പ്പെടുത്തും.