കശുവണ്ടി കോര്‍പ്പറേഷന്‍ എംഡിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റി

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2015 (19:10 IST)
സംസ്ഥാന കശുവണ്ടി കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്‌ടറെ മാറ്റി. അഴിമതിയാരോപണം നേരിടുന്ന സാഹചര്യത്തിലാണ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഡോ.രതീഷിനെ നീക്കം ചെയ്തത്. വ്യവസായ വകുപ്പിലെ അപ്രധാന വിഭാഗത്തിലേക്കാണ് സ്ഥലംമാറ്റം.
 
രതീഷിനെ എം ഡി സ്ഥാനത്തു നിന്ന് മാറ്റിയ സാഹചര്യത്തില്‍ കശുവണ്ടി വകുപ്പിന്റെ ചുമതല ഫിനാന്‍സ് മാനേജര്‍ക്ക് താല്‍ക്കാലികമായി നല്‍കും. സ്ഥാനമാറ്റം സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കും.
 
അതേസമയം, കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയാരോപണം സി ബി ഐ അന്വേഷണത്തിന് വിടാന്‍ മന്ത്രിസഭ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. സി ബി ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചായിരുന്നു മന്ത്രിസഭാ തീരുമാനം.
 
തോട്ടണ്ടി ഇടപാടില്‍ 600 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാരോപിച്ച് ഐ എന്‍ ടി യു സി  പ്രവര്‍ത്തകനായ കടകംപള്ളി മനോജ് നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി.