ആനക്കൊമ്പ് കൈവശംവച്ച കേസിൽ ഏഴുവർഷത്തിനുശേഷം നടൻ മോഹൻലാലിനെ പ്രതിചേർത്ത് വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചു. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ച്. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതായും വന്യജീനി സംരക്ഷണനിയമപ്രകാരം കുറ്റകരമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. മംഗളം ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2012ൽ വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസ് നീണ്ടുപോകുന്നതിനെതിരെ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് തിടുക്കത്തിൽ കുറ്റപത്രം സമർപ്പിച്ചത്. കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ലെന്നു മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.
മോഹൻലാലിനെ പിന്തുണച്ച് ഹൈക്കോടതിയിലടക്കം മൂന്നുവട്ടം റിപ്പോർട്ട് നൽകിയശേഷമാണു വനംവകുപ്പിന്റെ മലക്കംമറിച്ചിൽ. വന്യമൃഗസംരക്ഷണനിയമത്തിലെ വകുപ്പുകൾ ഈ കേസിൽ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യനിലപാട്. ഹർജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും ഫോറ്റസ്റ്റ് ചീഫ് പ്രിൻസിപ്പൽ ഹൈക്കോടതിയിൽ വാദിച്ചിരുന്നു.