കാറപടത്തില്‍ പരിക്കേറ്റ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ‌്കറിന്റെ നില ഗുരുതരമായി തുടരുന്നു. അപകടനില തരണംചെയ‌്ത ശേഷം മാത്രമേ തുടര്‍ശസ‌്ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കൂ. മൂന്നുദിവസമെങ്കിലും ഇതിന‌് വേണ്ടിവരും.
തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും സാരമായ ക്ഷതം ഏറ്റ ബാലഭാസ്‌കർ ഇപ്പോൾ വെന്റിലേറ്ററിലാണ്. കഴിഞ്ഞ ദിവസം കഴുത്തിലെ ശസ‌്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ‌് ബാലഭാസ‌്കർ. കാലുകള്‍ക്കും ശസ‌്ത്രക്രിയ ആവശ്യമുണ്ട‌്. തലച്ചോറിലെ ക്ഷതം മരുന്നുകളിലൂടെ പരിഹരിക്കാനാകുമെന്ന ശുഭാപ‌്തിവിശ്വാസത്തിലാണ‌് മെഡിക്കല്‍ സംഘം.
വ്യാഴാഴ്ച ഡോക്‌ടര്‍മാര്‍ തന്നെ മകളുടെ വിയോഗം ബാലഭാസ്കറിനെ അറിയിക്കാനാണ് ധാരണയായിരിക്കുന്നത്. ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും തേജസ്വിനിയുടെ മരണവിവരം പറഞ്ഞിട്ടില്ല.
ബാലഭാസ‌്കറിന്റെയും ലക്ഷ‌്മിയുടെയും ഏക മകള്‍ തേജസ്വിനിയുടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം എംബാംചെയ‌്ത‌് അനന്തപുരിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ‌്. ബാലഭാസ‌്കറിനെയും ഭാര്യയെയും കുട്ടിയെ കാണിച്ചശേഷം സംസ‌്കാരം നടത്താമെന്നാണ‌് ബന്ധുക്കളുടെ നിലവിലെ തീരുമാനം.