ഇടുക്കി ഏലപ്പാറയിൽ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ പ്രമോദ് (50), വിജയശ്രീ (45) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഇവരുടെ മകൻ അഖിലി (24)നെ പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ ഒരു മണിയോടെ ഏലപ്പാറയ്ക്ക് സമീപം മൂന്നാംമൈലിലായിരുന്നു അപകടം. ജയശ്രീയുടെ മാതാവിന്റെ മരണവാർത്തയറിഞ്ഞ് പീരുമേട്ടിലെ മുണ്ടേരിമാ എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു മൂവരും. കനത്ത മൂടൽമഞ്ഞ് കാരണം റോഡ് കാണാനാവാതെ വാഹനം നിയന്ത്രണം തെറ്റി നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പൊലീസെത്തിയാണ് മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.