കാലിക്കറ്റിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെയുണ്ടായ ആതിക്രമം; വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു

Webdunia
ശനി, 19 ഡിസം‌ബര്‍ 2015 (11:27 IST)
കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയുണ്ടായ ആതിക്രമങ്ങളില്‍ തേഞ്ഞിപ്പലം പൊലീസ് എട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. സര്‍വകലാശാലയുടെ പരാതിയെത്തുടര്‍ന്ന് സൈക്കോളജി, ഫോർക് ലോർ പഠന വിഭാഗങ്ങളിലെ ഉണ്ണികൃഷ്ണൻ, സാബിർ, രജീഷ് ലാൽ, രജീഷ്, സൗമിത്ത്, അജിനാസ്, വിഷ്ണു, അഭിലാഷ് എന്നീ വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്.

സർവകലാശാല ഹോസ്റ്റലിന് പുറത്തുവെച്ച് കുരുമുളക് സ്പ്രേ അടിച്ച ശേഷം മർദിക്കാൻ ശ്രമിച്ചെന്നാണ് വിദ്യാർഥിനികള്‍ ഇവര്‍ക്കെതിരെ സർവകലാശാല രജിസ്ട്രാർക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് രജിസ്ട്രാർ കേസ് തേഞ്ഞിപ്പലം പൊലീസിന് വെള്ളിയാഴ്ച കൈമാറുകയായിരുന്നു. വിദ്യാര്‍ഥിനികള്‍ക്ക് നേരെ ഇവര്‍ പടക്കം പൊട്ടിച്ചിട്ടതായും ആരോപണാമുണ്ട്.

കാമ്പസില്‍ പെണ്‍കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന മോശംപെരുമാറ്റത്തില്‍ യുജിസിക്കാണ് ആദ്യം പരാതിനല്‍കിയത്. കാമ്പസിലെ അന്തരീക്ഷം ചൂണ്ടിക്കാട്ടി അറുനൂറോളം വിദ്യാര്‍ഥിനി ഒപ്പിട്ട പരാതി ഗവര്‍ണര്‍ക്കും നല്‍കിയിരുന്നു. സര്‍വകലാശാലാ കാമ്പസിന് ചുറ്റുമതില്‍ ഇല്ലാത്തതും തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതും വിദ്യാര്‍ഥിനികള്‍ക്ക് നേരെ സഭ്യമല്ലാത്ത പെരുമാറ്റവുമായി ചിലര്‍ സമീപിക്കുന്നതും നേരത്തേ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.