സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലെന്ന് സിഎജി റിപ്പോര്‍ട്ട്

Webdunia
ബുധന്‍, 11 മാര്‍ച്ച് 2015 (16:31 IST)
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലെന്നു സിഎജി റിപ്പോര്‍ട്ട്. ചെലവുകള്‍ വലിയതോതില്‍ വര്‍ധിക്കുകയും വരവ് കുറയുകയും ചെയ്തതാണ്  സാമ്പത്തിക സ്ഥിതി മോശമാകാന്‍ കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുകൂടാതെ റിപ്പോര്‍ട്ടില്‍ നിത്യചെലവുകള്‍ നടത്തുന്നത് കടമെടുത്തിട്ടാണെന്നും. ഇതില്‍ 50 ശതമാനം മാത്രമാണ് വികസനകാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ സാധിക്കുന്നില്ലെന്നും പറയുന്നു.
 
മൂലധന ചിലവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 309 കോടി രൂപയാണ്. ഇതില്‍ ഏഴു ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. വരുമാനം പ്രതീക്ഷിച്ചതിലും 5790 കോടി രൂപ കുറഞ്ഞു. റവന്യൂ ചെലവില്‍ 13 ശതമാനം വര്‍ധനയുണ്ടായി. റെവന്യൂ വരവിന്റെ 79 ശതമാനത്തിലധികം പണവും പെന്‍ഷനും ശമ്പളത്തിനും സബ് സിഡിക്കുമായാണ് ചെലവാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുദ്രപ്പത്രമിറക്കല്‍, റജിസ്‌ട്രേഷന്‍ ഫീ, എക്‌സൈസ് നികുതി എന്നിവയില്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടില്‍ എക്‌സൈസ് വകുപ്പിനെതിരേയും വിമര്‍ശനമുണ്ട്. വകുപ്പില്‍ നികുതി വെട്ടിപ്പ് വ്യാപകമാണെന്നും പിഴത്തുക പിരിച്ചെടുക്കുന്നതില്‍ വകുപ്പ് വന്‍ വീഴ്ച വരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.