സംസ്ഥാന മന്ത്രിസഭ പുനഃസംഘടന ക്രിസ്മസിനു ശേഷം. ഡിസംബര്‍ അവസാനത്തോടെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. ഡിസംബര്‍ 27 നായിരിക്കും സത്യപ്രതിജ്ഞയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരള കോണ്‍ഗ്രസ് (ബി) നേതാവ് ഗണേഷ് കുമാര്‍, കോണ്‍ഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരായിരിക്കും പുതിയ മന്ത്രിമാര്‍. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു, ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം നഷ്ടമാകുക.
ആന്റണി രാജുവിന്റെ വകുപ്പായ ഗതാഗതം ഗണേഷ് കുമാറിനും അഹമ്മദ് ദേവര്‍കോവില്‍ കൈവശം വെച്ചിരുന്ന തുറമുഖം, മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പുകള്‍ കടന്നപ്പള്ളിക്കും ലഭിക്കും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സമയത്ത് തന്നെ രണ്ടര വര്‍ഷം വീതമുള്ള രണ്ട് ടേമുകളിലായി മന്ത്രിസ്ഥാനം വീതിച്ചു നല്‍കാന്‍ തീരുമാനിച്ചിരുന്നു.
അതേസമയം ഗണേഷ് കുമാറിന് ഗതാഗത വകുപ്പിനോട് താല്‍പര്യക്കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വനം വകുപ്പോ ദേവസ്വം വകുപ്പോ ഗണേഷ് ആവശ്യപ്പെട്ടേക്കും. എന്നാല്‍ എല്‍ഡിഎഫ് ഇതിനു തയ്യാറല്ല.